വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണു വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.കാലിലും പിൻഭാഗത്തും പരുക്കേറ്റ രണ്ടു വിദ്യാർഥികൾ നാരായൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി മേഖലയിൽ വലിയ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.മരിച്ച കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്നു ദേശീയപാത ഉപരോധിച്ചു. നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും കുടുംബം അറിയിച്ചു. കുട്ടിയുടെ മൃതദേഹം കുടുംബത്തിനു കൈമാറിയതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പിടിഐ റിപ്പോർട്ടു ചെയ്തു. ഫെബ്രുവരി 17 നാണു ബിഹാറിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷ ആരംഭിച്ചത്. ഫെബ്രുവരി 25 ന് പരീക്ഷ അവസാനിക്കും.