വയോധികരായ ദമ്പതികൾക്ക് വീൽചെയർ അടക്കമുള്ള സൌകര്യങ്ങൾ നൽകിയില്ല. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. കാൽമുട്ട് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേയാണ് വയോധികരായ ദമ്പതികൾക്ക് ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് മോശം അനുഭവമുണ്ടായത്. 70കാരനായ സുനിൽ ജാൻഡ് ഭാര്യയും 67കാരിയുമായ വീണ കുമാരി എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. 2023 ഒക്ടോബർ 11നായിരുന്നു ഇവർ ചണ്ഡിഗഡിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇൻഡിഗോയിൽ യാത്ര ചെയ്തത്. ചണ്ഡിഗഡിൽ നിന്ന് വൈകുന്നേരം 4.45ന് പുറപ്പെച്ട് ബെംഗളൂരുവിൽ രാത്രി 7.35 ന് എത്തുന്നതായിരുന്നു വിമാനം. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 67കാരിയും 70കാരനും വീൽ ചെയർ സൌകര്യത്തിന് ആവശ്യം ഉന്നയിച്ചായിരുന്നു ടിക്കറ്റ് എടുത്തത്.എന്നാൽ ഇവർക്ക് വീൽ ചെയർ സൌകര്യം ലഭ്യമാക്കിയില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ മോശം പെരുമാറ്റവുമായിരുന്നു നേരിടേണ്ടി വന്നത്. നടക്കാനാവാത്ത രീതിയിൽ ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശേഷവും സാധാരണ യാത്രക്കാരെ പോലെ ചെക്കിൻ ചെയ്യേണ്ടതായും ഇവർക്ക് വന്നിരുന്നു. ഇൻഡിഗോ വിൻഡോയിലേക്ക് പോവുന്നതിന് പകരമായി 40 അടിയോളം ഇഴയുന്നതിന് സമാനമായി നടക്കേണ്ടി വന്നതായും ഇവർ പരാതിയിൽ വിശദമാക്കി.