സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വനിതാ പ്രാതിനിധ്യത്തില്‍ കേരളത്തിന് വിമര്‍ശനം. സംസ്ഥാന സമിതിയില്‍ വനിതകളുടെ എണ്ണം 12 മാത്രം. ആകെ അംഗങ്ങളുടെ 13.5 ശതമാനം മാത്രമാണിത്. ഇത് വളരെ കുറവാണെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി കമ്മറ്റിയില്‍ 25 ശതമാനം വനിതകളെന്ന കൊല്‍ക്കത്ത പ്ലീനം നിര്‍ദേശം നടപ്പായില്ല എന്നും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.ഇപ്പോഴും പുരുഷാധിപത്യം സ്ത്രീകളുടെ കടന്നു വരവിന് തടസം സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകളുടെ പദവികള്‍ തടയുന്നത് ഈ പുരുഷാധിപത്യ പ്രവണതകളാണ്, എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പദവികളിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും അവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യം ഇതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ഇത് 13.5 ശതമാനത്തില്‍ നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്.അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയ – സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് എട്ട് പേരാണ് പങ്കെടുക്കുക. പി.കെ.ബിജു, എം. ബി. രാജേഷ്, പി. എ മുഹമ്മദ് റിയാസ്, കെ. കെ രാഗേഷ്, ഡോ. ആര്‍. ബിന്ദു, ഡോ. ടി. എന്‍. സീമ, ജെയ്ക് സി തോമസ്, എം. അനില്‍ കുമാര്‍ എന്നിവരാണ്ചര്‍ച്ചയില്‍ സംസാരിക്കുക. ആകെ ഒരു മണിക്കൂറും 12 മിനിറ്റും കേരളത്തിനായി ചര്‍ച്ചയില്‍ ലഭിക്കുന്ന സമയം. 46 മിനുറ്റ് രാഷ്ട്രീയ പ്രമേയത്തില്‍ മേലുള്ള ചര്‍ച്ചയും 26 മിനുറ്റ് സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയുമാണ് നടക്കുക.