ആയിരങ്ങൾ അണിനിരന്ന റാലിയോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം. പാർട്ടിയുടെ കരുത്തും സംഘടനാശേഷിയും അച്ചടക്കവും ജനപിന്തുണയും വിളിച്ചോതുന്നതായി
കൊല്ലത്ത് നടന്ന സമ്മേളനവും റാലിയും. സംഘാടകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് വൻ ജനാവലി റാലിക്കായി ഒഴുകി എത്തുകയായിരുന്നു. ഞായറാഴ്ച ഉച്ച മുതൽ കൊല്ലത്തേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. സമാപന സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂർ മുമ്പുതന്നെ ആശ്രാമം മൈതാനം നിറഞ്ഞു കഴിഞ്ഞിരുന്നു. യുവാക്കളും സ്ത്രീകളും തൊഴിലാളികളുമടക്കമുള്ള വൻ സാന്നിധ്യമാണ് റാലിയിൽ ഉണ്ടായത്. രണ്ടിടങ്ങളിൽ നിന്നാരംഭിച്ച റെഡ് വാളണ്ടിയർ പരേഡ് വർണാഭമായി. പ്രതിനിധി സമ്മേളന നഗരിയിൽ നിന്നാരംഭിച്ച ബഹുജനറാലിക്ക് പി ബി കോർഡിനേറ്റർ പ്രകാശ് കരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ, പിബി, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ
നേതൃത്വം നൽകി. തുടർന്ന് പ്രതിനിധികൾ അണിനിരന്നു. പൊതു സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
