സി എസ് ആർ ഫണ്ട് സ്കൂട്ടർ തട്ടിപ്പിൽ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ. സി എസ് ആർ ഫണ്ടിലാണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകുന്നതെന്നാണ് തന്നെയും വിശ്വസിപ്പിച്ചിരുന്നത്. സായ് ഗ്രാം ചെയർമാൻ അനന്തകുമാർ നിർദ്ദേശിച്ചതനുസരിച്ചാണ് ഇരുചക്രവാഹന വിതരണത്തിൽ ഭാഗമാകുന്നത്. അദ്ദേഹത്തിൻ്റെ പല പ്രവർത്തനങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നു പ്രമുഖർ പലരും ഇതിൻ്റെ ഭാഗമാകുമ്പോൾ സംശയിക്കാൻ സാഹചര്യങ്ങളില്ലായിരുന്നുവെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. അനന്തു കൃഷ്ണനെതിരെ കേസെടുത്തതിന് ശേഷവും പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പോലീസ് അസോസിയേഷൻ ഇരുചക്രവാഹന വിതരണ പരിപാടി നടത്തി. അനന്തു കൃഷ്ണൻ ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. പണം മടക്കി ചോദിച്ചവർക്ക് കൃത്യമായി മടക്കി നൽകിയിട്ടുമുണ്ടെന്നും അഞ്ച് ശതമാനം ആളുകൾക്ക് മാത്രമാണ് ഇനി വാഹനം നൽകാനുള്ളതെന്നും എ എൻ രാധാകൃഷ്ണൻ അറിയിച്ചു.