എഡിഎം നവീൻ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂരില്‍ നിന്നുളള പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും നവീൻ ബാബുവിന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം ആക്ഷേപം ഉയർത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ സമഗ്രമായ അന്വേഷിക്കണം വേണമെന്നാണ് നവീനിന്റെ സഹോദരനടക്കമുള്ളവരുടെ ആവശ്യം. കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
കണ്ണൂർ ടൗണ്‍ സ്റ്റേഷനില്‍ ഹാജരായാണ് പ്രശാന്ത് മൊഴി നല്‍കിയത്. തനിക്ക് രണ്ട് തരത്തിലുള്ള ഒപ്പുകള്‍ ഉണ്ടെന്നാണ് ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്ക് മൊഴി നല്‍കിയത്. നേരത്തെ പാട്ടക്കരാർ വ്യവസ്ഥയില്‍ പെട്രോള്‍ പമ്ബിന് സ്ഥലം ലഭിക്കുന്നതിന് നല്‍കിയ രേഖയിലും നവീൻ ബാബുവിനെതിരെ നല്‍കിയെന്ന് പറയുന്ന പരാതിയിലും രണ്ട് തരത്തിലുള്ള പേരും ഒപ്പുമാണ് ഉണ്ടായിരുന്നത്. ഒന്നില്‍ ടി വി പ്രശാന്ത് എന്നും മറ്റൊന്നില്‍ ടി വി പ്രശാന്തൻ എന്നുമാണ് പേര് രേഖപ്പെടുത്തിയിരുന്നത്. ഇത് ഏറെ ചർച്ചയായിരുന്നു. ഇതില്‍ വ്യക്തത വരുത്താനും ദിവ്യയുടെ മൊഴിയുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുമാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.