മുഖ്യമന്ത്രി തര്‍ക്കത്തില്‍ കടുത്ത അതൃപ്തിയുമായി യുഡിഎഫ് ഘടകകക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും. മുഖ്യമന്ത്രി ആരെന്നതിനേക്കാള്‍ ഭൂരിപക്ഷമാണ് പ്രധാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ദൂരെയുള്ള കടല്‍കണ്ട് മുണ്ട് ഉയര്‍ത്തിപ്പിടിക്കേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണ എംഎല്‍എയും പറഞ്ഞു. ഇതിനിടെ വിഡി സതീശനെതിരെ വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നു.മന്നംജയന്തി ഉദ്ഘാടനത്തിന് ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന് ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും സജീവമായത്. പിന്നാലെ സതീശനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നതോടെ തര്‍ക്കം രൂക്ഷമായി. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകളുമായി കളം നിറഞ്ഞതോടെയാണ് ഘടകകക്ഷികള്‍ അതൃപ്തി അറിയിച്ചത്. മുഖ്യമന്ത്രി ആരാകണം എന്നതിലും ഉപരി ഭൂരിപക്ഷമാണ് വേണ്ടതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.