തമിഴ്നാട്ടിൽ ആശുപത്രി മാലിന്യം തള്ളിയത് അന്തർസംസ്ഥാന തർക്കമാക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിനും തമിഴ്‌നാടിനുമാണ് നിർദേശം. മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയവർക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോർട്ട് നൽകണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയാണെന്നും തമിഴ്‌നാടിനോട് ചോദിച്ചു.തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറഞ്ഞത്.ആർസിസി, ക്രെഡൻസ് അടക്കമുള്ള ആശുപത്രികളിലെ മാലിന്യമാണ് തിരുനെൽവേലിയിൽ നിക്ഷേപിച്ചത്. തലസ്ഥാനത്തെ ചില ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം തള്ളിയ ലോറി ഡ്രൈവർ അടക്കം നാല് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തമിഴ്നാട്ടിൽ വൻ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്. ഇതിനോടകം ഇവിടെ നിന്ന് മാലിന്യം നീക്കിയിട്ടുണ്ട്. മാലിന്യം തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന് ക്ലീൻ കേരള കമ്പനി തരം തിരിക്കും. കമ്പനിക്ക് കീഴിലെ വിവിധ ബയോസംസ്ക്കരണ യൂണിറ്റിൽ ഇവ സംസ്ക്കരിക്കും.