മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതും ചൂടുകൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ളതുമായ മേഖലകളായ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലും അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും വനം വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി.
ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടി നടത്തുന്ന ഡ്രോണ്‍ നിരീക്ഷണം മാര്‍ച്ച് അവസാനം വരെ തുടരുമെന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈര്‍ അറിയിച്ചു.
വന്യജീവികളുടെ സാന്നിധ്യവും വനത്തിനകത്ത് അനധികൃതമായി കടന്നുകയറി കാട്ടുതീ ഇടുന്ന സംഭവങ്ങളും പെട്ടെന്ന് കണ്ടെത്തി നിയന്ത്രിക്കാന്‍ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
അഞ്ച് കിലോമീറ്ററിലധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്.