റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഒന്നാം ഭാഗം ലൂസിഫറിന്റെ ചിത്രീകരണം ദുബായിൽ നടക്കുമ്പോൾ ഒരു പ്രത്യേക ലൊക്കേഷനിൽ ചിത്രീകരിക്കാനുള്ള അനുവാദം ലഭിക്കാനായി ചിത്രത്തിന്റെ തിരക്കഥ ദുബായ് ഫിലിം കമ്മീഷന് സമർപ്പിച്ചപ്പോൾ തിരക്കഥ തള്ളിക്കളയുകയും ചിത്രീകരണത്തിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു എന്ന് പൃഥ്വിരാജ് സുകുമാരൻ. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട പ്രതിപാദ്യങ്ങൾ തിരക്കഥയിലുള്ളതായിരുന്നു ചിത്രീകരണാനുമതി നിഷേധിക്കാൻ കാരണം.“ലൂസിഫറിന്റെ ടെയ്ൽ ഏൻഡ് ചിത്രീകരിക്കാനായി ഞാൻ കണ്ടു വെച്ച ലൊക്കേഷൻ ദുബായിൽ ജബൽ അലിക്ക് അടുത്തുള്ളൊരു പ്രൈവറ്റ് ചാർട്ടർ ടെർമിനലിലായിരുന്നു. നൂറിലധികം പ്രൈവറ്റ് ജെറ്റുകൾ നിരത്തിയിട്ടിരിക്കുന്ന ഒരു മനോഹരമായ സ്ഥലമായിരുന്നു അത്. അവയുടെയെല്ലാം ഉടമസ്ഥർ വലിയ പ്രഭുക്കന്മാരൊക്കെയായിരുന്നു. അവിടെ ചിത്രീകരിക്കാൻ അനുവാദവും എനിക്ക് കിട്ടി, എന്നാൽ അവസാന നിമിഷമായിരുന്നു തിരക്കഥയിലെ ലഹരിമരുന്നിന്റെ പ്രതിപാദ്യം കാരണമാക്കി ഞങ്ങളുടെ തിരക്കഥ ദുബായ് ഫിലിം കമ്മീഷൻ തള്ളിക്കളഞ്ഞത്” ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു.റിലീസിന് പത്ത് ദിവസം ബാക്കി നിൽക്കെ പ്രമോഷൻ പരിപാടികൾ പുനരാരംഭിച്ചിരിക്കുകയാണ് എമ്പുരാന്റെ അണിയറപ്രവർത്തകർ. രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഡീഷയിൽ വെച്ച് നടന്ന ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് മടങ്ങി വന്നിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ മുൻപോട്ടുള്ള പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറുകയും, പ്രശ്നങ്ങൾ പരിഹരിച്ച് ശ്രീ ഗോകുലം മൂവീസ് എമ്പുരാന്റെ നിർമ്മാണ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു.