ആർത്തവകാലത്തെ വേദന സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.പലപ്പോഴും വേദന സംഹാരികളും ,ഹോട്ട് ബാഗുകളുമൊക്കെയാണ് ഇതിനൊരു ആശ്വാസം.എന്നാൽ പൈനാപ്പിൾ കഴിക്കുന്നത് ആർത്തവ വേദനയ്ക്ക് ആശ്വാസമാണെന്നാണ് അമേരിക്കയിലെ ഡോ.കുനാൽ സൂദ് പറയുന്നത്.ആർത്തവത്തിന് ഒരാഴ്ച മുൻപ് പൈനാപ്പിൾ കഴിക്കുന്നത് വയർവേദന ,മാനസിക പിരിമുറുക്കം ,ശരീരവേദന എന്നിവ കുറയ്ക്കും. ഈ സമയങ്ങളിൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ആണ് ഏറ്റവും ഗുണകരമെന്ന് അദ്ദേഹം പറയുന്നു.ബ്രോമെലൈൻ, വിറ്റാമിൻ സി, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ,അതിനാൽ ഇത് ആർത്തവ വേദനയെ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും.പേശികളുടെ ആരോഗ്യത്തിനും ,ശരീരത്തിലുണ്ടാകുന്ന വീക്കം തടയാനും പൈനാപ്പിളിലെ ബ്രോമെലൈൻ ഗുണം ചെയ്യും കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകൾ ആർത്തവസമയത്തെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഏറെ നല്ലതാണ്.ഇത് മാത്രമല്ല വേദനയുടെ കാഠിന്യം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നത് ഒരു മികച്ച ഓപ്ഷനാണെന്ന് മധുകർ റെയിൻബോ ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് ഡയറക്ടർ ഡോ. ജയശ്രീ സുന്ദർ ദേശിയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.വ്യായാമത്തിന് ശേഷം ശരീരം റിലീസ് ചെയ്യുന്ന എൻഡോർഫിൻസ് രക്തയോട്ടം , ഊർജ്ജം എന്നിവ വർധിപ്പിക്കുമെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.