ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി കഴിഞ്ഞു. ഇന്നലെ പൂനെയില്‍ അവസാനിച്ച അവസാന ടി20യില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ 53 റണ്‍സ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കാര്യത്തിലാണ് ആരാധകര്‍ക്ക് ആശങ്ക. പൂനെയില്‍ ഒരു റണ്‍ മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു.