കോഴിക്കോട് അകലാപ്പുഴയില്‍ ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓമശേരി നടമ്മല്‍ പൊയില്‍ മേലെ തിരിയം കൊട്ടുമ്മല്‍ കുന്നുമ്മല്‍ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസാമാണ് മരിച്ചത്.ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂള്‍ എല്‍കെജി വിദ്യാർഥിയാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബോട്ടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് കുട്ടി വീഴുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി തെരച്ചില്‍ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു.ഉടൻതന്നെ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

