മെസ്സി കേരളത്തിൽ വരുമെന്ന് പറഞ്ഞ തട്ടിപ്പിൽ സ്പോൺസർ കമ്പനി 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കളക്ഷൻ ഏജൻ്റ് വഴി അയച്ച 1.45 കോടിക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ട 22.69 കോടി ഐജിഎസ്ടി അടച്ചില്ല. കൂടാതെ, വിവിധ വിദേശ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടിക്ക് 34.15 ലക്ഷം തുകയുടെ നികുതി വെട്ടിപ്പു നടത്തിയതായും കണ്ടെത്തി. ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണ പ്രവൃത്തികൾ, ക്ലബ് മെമ്പർഷിപ്പ് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട് നിയമ ലംഘനം നടത്തി 2.75 കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.കല്ലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവഴിച്ചെന്നാണ് സ്പോൺസർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർബിസി) അവകാശപ്പെടുന്നതെങ്കിലും, ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്. ആർബിസി സമർപ്പിച്ച രേഖകളിൽ ഇത് 14.5 കോടി മാത്രമാണ് ഉള്ളത്. ജിഎസ്ടി വകുപ്പിൽ ഒരു അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് ബാക്കി 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷത്തിൽ ബാങ്കുകൾ വഴിയുള്ള ആകെ ഇടപാട് മൂല്യം 1,098.56 കോടിയാണ്. ഇതിൽ വിദേശത്തുനിന്നുള്ള പരസ്യ വരുമാനം എത്തിയ ഡോളർ അക്കൗണ്ടും ഉൾപ്പെടുന്നു.

