കിളിരൂർ-കവിയൂർ പീഡനക്കേസ് പ്രതി ലതാനായർ ഉള്‍പ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ അറസ്റ്റിലായ അനില്‍കുമാറിൻറെ (സ്വാമിനിത്യചൈതന്യ-55) ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.തട്ടിയെടുക്കുന്ന പണം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ അനില്‍കുമാർ രൂപീകരിച്ച ശ്രീശ്രീ ദക്ഷിണമൂകാംബിക എഡ്യൂക്കേഷൻ വെല്‍ഫെയർ ആൻഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്. ട്രസ്റ്റിന്റെ പേരില്‍ അനില്‍കുമാർ കോടികളുടെ തട്ടിപ്പ് നടത്തി. 1,500 കോടി രൂപ സ്വീകരിക്കാൻ ശേഷിയുള്ള ട്രസ്റ്റാണെന്നും കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് നേടാനുള്ള ചെലവിനായി പണം വേണമെന്നും വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നത്. ട്രസ്റ്റിലേക്ക് സി.എസ്.ആർ ഫണ്ട് എത്തിത്തുടങ്ങിയാല്‍ നിക്ഷേപിക്കുന്നതിന്റെ അഞ്ചിരട്ടി തിരികെനല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തില്‍ 25 ലക്ഷം രൂപ നഷ്ടമായയാളാണ് തട്ടിപ്പുകള്‍ വെളിപ്പെടുത്തിയത്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനില്‍കുമാറിനെതിരേ സാമ്പത്തികതട്ടിപ്പ് കേസുകളുണ്ട്.

