ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.എല്‍ഡിഎഫ് സർക്കാർ ആചാരം സംരക്ഷിക്കാൻ നടപടി എടുക്കുകയാണെന്ന് സുകുമാരൻ നായർ പറഞ്ഞു . ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്‌എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവർക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിർത്തി. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എൻഎസ്‌എസിന് സർക്കാർ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എല്‍ഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു. ബിന്ദു അമ്മിണി സംഗമത്തില്‍ പങ്കെടുത്തില്ല. അയ്യപ്പസംഗമം പശ്ചാത്താപം തീർത്തതല്ല. തെറ്റ് തിരുത്തുമ്ബോള്‍ അങ്ങനെ കാണരുതെന്നും സുകുമാരൻ നായർ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും സംഗമം ബഹിഷ്കരിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പടുക്കുമ്ബോള്‍ അവർക്ക് രാഷ്ട്രീയമാണ്. കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

