മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ പീച്ചി കല്ലിടുക്കില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടിയുടെ സ്വർണം കവർന്ന കേസില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ് (29), ഷിജോ വർഗീസ് (23), തൃശൂർ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്.
ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാനകേസുകളില്‍ പ്രതിയാണ്. 22 കവർച്ചക്കേസുകളില്‍ പ്രതിയാണ് റോഷൻ വർഗീസ്. മറ്റുള്ളവരും ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. ഈ മാസം 25നാണ് കോയന്പത്തൂരില്‍നിന്നു പണികഴിപ്പിച്ച സ്വർണവുമായിവന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടരക്കിലോ സ്വർണം കവർന്നത്.
കല്ലിടുക്കില്‍ മൂന്നു വാഹനങ്ങളില്‍ വന്ന് തടഞ്ഞുനിർത്തി കാറിന്‍റെ ചില്ലുതകർത്ത് കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലമായി വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സിദ്ദിഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ 27ന് പുലർച്ചെ കുതിരാനില്‍നിന്നു പിടികൂടി. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവല്ലയില്‍നിന്നാണു ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ പിടികൂടിയത്.
പ്രതികള്‍ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന വ്യാജ നന്പർ പ്ലേറ്റ് അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു. സ്ക്വാഡിനും പോലീസിനും കിട്ടിയ രഹസ്യവിവരമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ടോള്‍ പ്ലാസകള്‍, വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കവർച്ചയുടെ പ്രധാന സൂത്രധാരൻ റോഷൻ വർഗീസാണെന്നും കർണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.