പച്ചയായ ജീവിതസമസ്യകൾ

തുളസീധരൻ ചാങ്ങമണ്ണിൽ
ജീവിതത്തെക്കുറിച്ച് സത്യം പറയാൻ ബാധ്യസ്ഥരാണ് ഓരോ എഴുത്തുകാരും.

അങ്ങനെയുള്ള എഴുത്തുകാരുടെ കൃതികൾ അതിജീവനം നേടുകയും ചെയ്യും.

അമ്മിണിപ്പിലാവിലെ പച്ചയായ ജീവിതസമസ്യകൾ അക്ഷരപ്പെരുമയിലൂടെ വളർന്ന് വായനക്കാരന്റെ മനസ്സിൽ വേരുറച്ചുനിൽക്കുന്നവയാണ്.

കഴിഞ്ഞകാലത്തിന്റേയും ആധുനിക കാലത്തിന്റേയും അനുഭവമുദ്രകൾ ഏറെ ഒട്ടിച്ചേർന്നുകിടക്കുന്നു അമ്മിണിപ്പിലാവിലെ ഓരോ പച്ചപ്പുകളിലും.

ജോയ് ഡാനിയേലിന്റെ ഈ കഥാസമാഹാരത്തിലെ പതിനൊന്നു കഥകളും അനുവാചകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നവയാണ്.

ഒരു പോലീസുകാരന്റെ ഇടപെടലിലൂടെ ആനിയെന്ന യുവതിയുടെ വ്യക്തിത്വം ഉണരുന്നതും ആത്മധൈര്യം ബലപ്പെടുന്നതുമാണ് ആനിയുടെ ജീവിതത്തിലെ ചില സുപ്രധാന തീരുമാനങ്ങൾ എന്ന ആദ്യകഥയുടെ ഉള്ളടക്കം.

ഇതിൽ മധ്യവർഗ്ഗ നസ്രാണിസ്ത്രീകളുടെ ജീവിതപരിസരം രസകരമായി വരച്ചുകാട്ടാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.

ചന്ദ്രസ്വരൂപയിൽ ജോയ് ഏറെ ഗൗരവക്കാരനാണ്.

ബ്രഹ്മസരോവരത്തിൽ മുങ്ങിനിവരുന്ന ചന്ദ്രസ്വരൂപയുടെ ഓർമ്മകളിലൂടെയാണ് കഥ മുന്നേറുന്നത്.

ഭർത്താവിന്റെ അന്ധത സ്വയമേറ്റെടുത്തതിലൂടെ പതിവ്രതാരത്‌നമെന്ന വിശേഷണം ചാർത്തിക്കിട്ടിയ ഗാന്ധാരിയുടെ അധികാരക്കൊതി പഞ്ചപാണ്ഡവരെ പരാജയപ്പെടുത്താൻ നൂറ് പുത്രന്മാർക്ക് ജന്മമേകണമെന്ന ആർത്തിയിലെത്തുന്നു.

ഹസ്തിനപുരിയുടെ രക്തപങ്കിലമായ കുടിലതന്ത്രത്തിൽ അരങ്ങേറുന്ന പുത്രാപഹരണങ്ങളാലും ശിശുഹത്യകളാലും നെഞ്ചുപിളരുന്ന അമ്മമാരുടെ രോദനം വല്ലാതെ ഉള്ളംമുറിക്കുന്നു.

എം.ടി. യുടെ രണ്ടാമൂഴത്തിലേതുപോലെ മഹാഭാരതത്തിന്റെ പഠനവും വിമർശനാത്മക നിരീക്ഷണവും കഥാകാരന്റെ കൗശലവും ചന്ദ്രസ്വരൂപയിൽ ദർശിക്കാം.

പേറുതാങ്ങാൻ ത്രാണിയില്ലാത്ത പെണ്ണമ്മ വയറ്റുകണ്ണിയായതിന്റെ നിനവിൽ പുന്നക്കാട്ടുതറവാടിന്റെ പിന്നാമ്പുറത്തുനട്ട പ്ലാവുമുറിക്കാൻ മരുമകളുടെ പ്രേരണയാൽ തറവാട്ടുകാർന്നോര് ഉണ്ണൂണിച്ചായൻ കല്പിച്ചത് താങ്ങാൻപറ്റാത്ത കുഞ്ഞപ്പന്റെ മനോവ്യഥയാണ് അമ്മിണിപ്പിലാവ്.

താനാരാണെന്ന ചോദ്യത്തെ; മണ്ണിനേയും മരങ്ങളേയും മനുഷ്യരേയും പരസ്പരം ഇഴചേർത്ത് ഉള്ളിലേക്ക് ഊതിവുടുമ്പോൾ നാട്ടുനേരിന്റെ ഉപ്പുരസമുള്ള ഒത്തിരി കണ്ണുനീര് വായനക്കാരിൽ പൊടിയും.

രാഷ്ട്രീയ പകപോക്കലാൽ അനാഥമാക്കപ്പെട്ട ബംഗാളിലെ പുരലിയ ജില്ലയിലെ ജമിഷ എന്ന പെൺകുട്ടി ചുവന്നതെരുവിൽ എത്തിപ്പെടുന്ന കരളലിയിക്കുന്ന കഥയാണ് രാത് കി റാണി.

ജമിഷയുടെ മാത്രം കഥയല്ല; ഇത് വർത്തമാന ഇന്ത്യയുടെ നേർചിത്രമാണ്.

നാട്ടിലുള്ളോരെ പോറ്റാൻ മാസാദ്യം അയച്ചതിനുശേഷം മിച്ചംപിടിക്കുന്നതിൽനിന്നും അരിഷ്ടിച്ചുകഴിയലാണ് ശരാശരി പ്രവാസിയുടെ ആർഭാടം.

ഒരു പ്രായംകഴിഞ്ഞാൽ കമ്പനിയിൽനിന്നും പുറത്താക്കപ്പെടുന്നതോടെ അവന്റെ ഞാണിൻമേൽകളി അവസാനിക്കും.

റിഡൻഡൻസി ഭൂരിപക്ഷം പ്രവാസികളുടെ ജീവിതമാണ് പറയുന്നത്.

ഒരിക്കലും കടലിലേക്കൊഴുകിയെത്താത്ത നദികളുടെ രാജ്യമായ യമനിൽനിന്നും പല നാടുകളിലൂടെ പലായനംചെയ്ത് ദുബായിലെത്തുന്ന മറിയമെന്ന പെൺകുട്ടിയുടെ നടുക്കുന്ന കഥ ബ്ലെൻഡർ അനാവരണം ചെയ്യുന്നു.

പശ്ചിമപൂർവ്വേഷ്യയിലെ ആഭ്യന്തരപ്രശ്‌നങ്ങളും ഭീകരപ്രവർത്തനങ്ങളും യുദ്ധങ്ങളും മുറിവേല്പിച്ച കുടുംബക്രമത്തിൽനിന്നുമെത്തിയ മറിയം തന്റെ ഉടലിന്റെ ഊദ് ഗന്ധവും പ്രണയത്തിന്റെ പരപ്പും വിവാഹിതനായ മെന്ററിലേക്ക് ആഴത്തിൽ പകർത്തുമ്പോൾ വായനക്കാരിൽ ചാട്ടുളിപ്രഹരമേല്പിക്കുവാൻ കഥാകാരന് കഴിയുന്നു.

വിശാലമായ ഭൂമികയുടെ അടയാളപ്പെടുത്തലാണ് ഇക്കഥ.
കൂനൻകുരിശിൽ;

കുട്ടിച്ചായനേയുംകൂട്ടി സെമിത്തേരിയിലേക്കുപോകുന്ന ജോക്കറുകുഞ്ഞിന്റെ മനസ്സിൽ തെളിയുന്നത് കൂടോത്രക്കാരിയും ഭീകരരൂപിണിയുമായ മത്തിപ്പെമ്പളയുടെ മുഖമല്ല, പിന്നയോ കുഞ്ഞിനെ താരാട്ടുന്ന ഒരമ്മയുടേത്.

അപ്പവും താറാമുട്ടക്കറിയും കവട്ടക്കേക്കും കിട്ടുമെന്ന പ്രലോഭനത്തിൽ മത്തിപ്പെമ്പളയുടെ നിന്നുപെടുപ്പ് ഉറപ്പാക്കാൻ പുറപ്പെടുന്ന ജോക്കറുകുഞ്ഞിന്റെ പരിശ്രമങ്ങൾ ഗ്രാമ നിർമ്മലതയുടെ പര്യായമാണ്.

അമ്മമണം തുളുമ്പുന്നതാണ് സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്ന കഥ.

സിഗ്നൽ, ദ ഡേ ഓഫ് ദ ജാക്കാൾ എന്നിവയിൽ പുരുഷാധികാരത്തിനുമുമ്പിൽ ചോരവാർന്ന സ്ത്രീവിലാപങ്ങളാണ്.

ഒറ്റ വാക്കുള്ള ഭാഷയിൽ ഒരു ശബ്ദംകൊണ്ടുപോലും മറ്റൊരു വർഗ്ഗത്തിനോട് ജീവജാലങ്ങൾക്ക് സ്‌നേഹം പങ്കിടാമെന്ന് സ്ഥാപിക്കുന്നു.

സ്ത്രീപക്ഷം. ലളിതം. നാട്ടുമൊഴിവഴക്കം. ഭൂമികക്കനുസരിച്ചുള്ള കഥാഗതിയും ഭാഷാരീതിയുംകൊണ്ട് വ്യത്യസ്തത പുലർത്തി വായനക്കാരെ കൂടെക്കൂട്ടാനുള്ള കഴിവ്…

ഒരു കഥാകാരന് വേണ്ടഗുണങ്ങൾ ജോയ് ഡാനിയലിന് പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.

നല്ലനല്ല കഥയെഴുത്തിലൂടെ സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുവാൻ പ്രിയ കൂട്ടുകാരന് കഴിയട്ടെ.

അമ്മിണിപ്പിലാവ്, കഥാസമാഹാരം, ജോയ് ഡാനിയേൽ, കൈരളി ബുക്‌സ്, വില 210 രൂപ.

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...