ഗ്രേ ഡിവോഴ്സിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ബോളിവുഡിലെ അഭിഷേക് ബച്ചൻ ലൈക് ചെയ്തു. ഉടനെ ഇൻ്റർനെറ്റിൽ ചർച്ചയാരംഭിച്ചു, അഭിഷേകും ഐശ്വര്യാ റായും തമ്മിൽ പിരിയുകയാണെന്ന്. ഇത്തരം ഗോസിപ്പുകൾ ഇന്ന് എപ്പോഴും നെറ്റിൽ വൈറലാണ്. ഗ്രേ ഡിവോഴ്സ് എന്നത് തുടങ്ങിയിട്ട് ഇരുപത് വർഷത്തോളമായി.
ഗ്രേ ഡിവോഴ്സ് നടക്കുന്നത് 50 വയസ്സും അതിനും മുകളിൽ പ്രായമുള്ള ദമ്പതികളിലാണ്. തല നരച്ചു കഴിഞ്ഞു നടക്കുന്ന ഡിവോഴ്സ് ആണ് ഗ്രേ (നര) ഡിവോഴ്സ്. മക്കളെയും വളർത്തി വലുതാക്കിയതിനു ശേഷമുള്ള വേർപിരിയൽ. പത്തിരുപത് വർഷങ്ങൾ ജീവിതത്തിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിട്ട് ജീവിതം പങ്കു വെച്ച ശേഷം നടത്തുന്ന വിവാഹമോചനം.
ഇത്തരം വിവാഹമോചനങ്ങൾ സത്യത്തിൽ വളരെ ദുഃഖകരമാണ്. കാരണം വിവാഹമോചനത്തിനു ശേഷം പലർക്കും വീണ്ടുമൊരു കൂട്ട് കിട്ടിയെന്നു വരില്ല. 2004-ലാണ് അമേരിക്കയിൽ ഗ്രേ ഡിവോഴ്സ് ട്രെൻഡ് തുടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുഎസിൽ മൊത്തം വിവാഹമോചനം കുറഞ്ഞിട്ടുണ്ടെങ്കിലും ഗ്രേ ഡിവോഴ്സിൻ്റെ നിരക്ക് കൂടിയിട്ടുണ്ട് എന്നതാണ് വാസ്തവം.
ഗ്രേ ഡിവോഴ്സിൻ്റെ കാരണങ്ങൾ പലതാണ്. സാമ്പത്തിക കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നം നിസ്സാരമല്ല. ഒരാൾ മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ ബന്ധത്തിൻ്റെ കെട്ടുറപ്പ് നഷ്ടമാകുന്നു. പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികം.
വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ തന്നെ യോജിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്ന ദമ്പതികൾ ചിലപ്പോൾ മക്കൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്ത് അവർക്ക് പ്രായപൂർത്തിയാകുന്നതു വരെ ഒരുമിച്ച് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. ഇവർ ഗ്രേ ഡിവോഴ്സിനായി കാത്തിരിക്കുന്നവരാണ്.
മദ്യപാനമോ പണത്തിൻ്റെ ധൂർത്തോ വിവാഹേതരബന്ധങ്ങളോ ആകാം ഗ്രേ ഡിവോഴ്സിൻ്റെ മറ്റു കാരണങ്ങൾ. വിവാഹമോചനം തന്നെ പലർക്കും അതിജീവിക്കാൻ പ്രയാസം തോന്നുമ്പോൾ ഗ്രേ ഡിവോഴ്സ് അതിനേക്കാൾ വൈകാരികമാണ്.