പാതിവില തട്ടിപ്പ് കേസ് അന്വഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് എസ്.പി സോജൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും. ഡിവൈഎസ്പിമാരും സി.ഐമാരും ഉൾപ്പടെ 81 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെയും സൈബർ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്.അഞ്ചു ജില്ലകളിലായി രജിസ്റ്റർ ചെയ്ത 34 കേസുകൾ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുൻപ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളിലായി മാത്രം 37 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.