ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. കുടയത്തൂർ അടൂർമലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. സുമതിയുടെ വീട് പൂർണമായും മണ്ണിനടിയിലായി.അപകടസ്ഥലത്തുനിന്ന് ഭർത്തവിനേയും, മകനേയും രക്ഷപ്പെടുത്തി.കൊക്കയാർ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി.
ഉരുൾപൊട്ടലിൽ സുമതിയുടെ വീട് പൂർണമായും മണ്ണിനടിയിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഭർത്താവിനേയും മകനേയും സുരക്ഷിതമായി രക്ഷപ്പെടുത്തി.അതിനിടയിൽ, കൊക്കയാർ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയത് പ്രദേശത്തെ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ഇവിടുത്തെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.ഉപ്പുതറയിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.ഇടുക്കിയിൽ പുല്ലകയാർ കരകവിഞ്ഞൊഴുകുകയാണ്. കൊക്കയാർ ചപ്പാത്ത് പൂർണ്ണമായി വെള്ളത്തിനടിയിലായി. ആറോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പത്തനംതിട്ടയിലും ജാഗ്രതാ നിർദേശം
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലകളിലും മഴ ശക്തമാണ്. തണ്ണിത്തോട് തൂമ്പാക്കുളത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നു. തൂമ്പാക്കുളം ജംഗ്ഷനിൽ ചെളിയും മരങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്.
മഴ ശക്തമായതോടെ പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി
മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

