റീജിയണല്‍ കാൻസർ സെന്‍ററില്‍ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ വച്ച് സൂപ്പര്‍വൈസര്‍ സ്വകാര്യത പകര്‍ത്തിയെന്ന് പരാതി. ആര്‍സിസി മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒൻപത് ജീവനക്കാരാണ് പരാതിക്കാര്‍. സൂപ്പര്‍വൈസര്‍ ചാര്‍ജ് കൂടിയുളള ടെക്നിക്കല്‍ ഓഫീസര്‍ക്കെതിരെയാണ് ഗുരുതര പരാതി.
വിശ്രമിക്കാനും വസ്ത്രം മാറാനും ഉള്‍പ്പെടെ ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയിലാണ് ഒളിക്യാമറ വച്ചത്. വനിതാ ജീവനക്കാരുടെ പരാതി അഞ്ചുമാസമായി പൊലീസിനു കൈമാറാതെ ആര്‍സിസി അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായും ആരോപണമുണ്ട്. തുടർന്ന് ജീവനക്കാര്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇതോടെ കമ്മിറ്റി ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്തു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരായ വനിതാ ജീവനക്കാരുടെ ആവശ്യം.