പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുടെ ചാറ്റുകള്‍ പുറത്ത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ദില്ലിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പാകിസ്ഥാൻ ബീകവാദ കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനെയും, ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ജ്യോതി ഡാനിഷിന് പങ്കുവെച്ചതായാണ് എൻഐഎ കണ്ടെത്തിയത്. പാക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തായി. പാകിസ്ഥാനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും എൻഐഎ കണ്ടെത്തിയ വാട്ട്സ് ആപ് ചാറ്റിൽ പറയുന്നു. ഐഎസ്ഐ ഏജന്‍റായ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്