കുറ്റവാളികളോടും, മാഫിയകളോടുമുള്ള സർക്കാരിന്റെ വിട്ടുവീഴ്ചാ മനോഭാവം അവസാനിപ്പിച്ചാൽ അരും കൊലകൾക്ക് അവസാനമാകുമെന്ന് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഫർസാനയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അരും കൊലകൾ ആവർത്തിക്കുവാൻ കാരണം നിയമ വിരുദ്ധമായി പരോൾ അനുവദിക്കുന്നത് ഉൾപ്പെടെ കുറ്റവാളികളോടുള്ള പിണറായി സർക്കാരിന്റെ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.മൂന്ന് മണിയോടെ വെഞ്ഞാറമൂട്ടിൽ എത്തിയ അദ്ദേഹം മുക്കുന്നൂരിലെ ഫർസാനയുടെ വീട്ടിൽ എത്തി മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ചു. തുടർന്ന് വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെത്തി ചികിത്സയിൽ കഴിയുന്ന ഷെമിയെ കണ്ടു. തുടർന്ന് പാങ്ങോട്ടെ സൽമാ ബീവിയുടെ വീട്ടിൽ എത്തി മകൻ റഹിമിനെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.