ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കുതിച്ചു. നാലിന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടും. 5ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ന്യൂസിലൻഡ്.കെയ്ൻ വില്യംസൺ മാത്രമാണ് കിവീസ് നിരയിൽ പൊരുതി നോക്കിയത്. 120 പന്തിൽ നിന്ന് ഏഴു ബൗണ്ടറിയടക്കം 81 റൺസെടുത്തു. രചിൻ രവീന്ദ്ര (6), വിൽ യങ് (22), ഡാരിൽ മിച്ചൽ (17), ടോം ലാഥം (14), ഗ്ലെൻ ഫിലിപ്‌സ് (12), മൈക്കൽ ബ്രേസ്‌വെൽ (2) എന്നിവരെല്ലാം തിളങ്ങാതെ മടങ്ങി. 10 ഓവറിൽ 42 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കുൽദീപ് യാദവ് രണ്ടു വിക്കറ്റ് നേടി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. 98 പന്തിൽ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റൺസെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഗിൽ, രോഹിത് ശർമ, കോഹ്ലി എന്നിവർക്ക് കാര്യമായ റൺസ് എടുക്കാൻ കഴിയാതെ മടങ്ങി. സ്കോർ- ഇന്ത്യ 249/9, ന്യൂസിലൻഡ് 205/10 (45.3)