ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക വ്യാപാരം വർധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്‌ക്കു നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ അമേരിക്കന്‍ ഭരണകൂടം യുഎസ് സൈനിക സമ്മാനങ്ങളില്‍ ഒന്നായ എഫ്-35 വില്‍ക്കാൻ തയ്യാറാണ്’ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ‘ഈ വർഷം മുതല്‍, ഇന്ത്യയിലേക്കുള്ള സൈനിക വില്‍പ്പന ഞങ്ങള്‍ കോടിക്കണക്കിന് ഡോളറായി വർദ്ധിപ്പിക്കും’ എന്നും ട്രംപ് പ്രധാനമന്ത്രി മോദിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അമേരിക്കയില്‍ താമസിക്കുന്ന “യഥാർത്ഥ നിയമവിരുദ്ധരെ” ഇന്ത്യ തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി. ‘മറ്റ് രാജ്യങ്ങളില്‍ നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് അവിടെ താമസിക്കാൻ നിയമപരമായ അവകാശമില്ല. ഇന്ത്യയെയും യുഎസിനെയും സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ പൗരന്മാരുമായവർ യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെങ്കില്‍ ഇന്ത്യ അവരെ തിരികെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഞങ്ങള്‍ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്’ മോദി പറഞ്ഞു.ഇത്തരം അനധികൃതകുടിയേറ്റക്കാർ വലിയ തട്ടിപ്പിന് ഇരയായിട്ടാണ് അമേരിക്കയിലേക്ക് എത്തിയതെന്നും മോദി വ്യക്തമാക്കി. ‘ഇവർ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവരെ വലിയ പ്രലോഭനങ്ങള്‍ നല്‍കി ചിലർ ഇവിടെ എത്തിക്കുകയാണ്. അതിനാല്‍, മനുഷ്യക്കടത്തിനെതിരെ നമ്മള്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം. മനുഷ്യക്കടത്തിനെതിരെ അതിന്റെ വേരുകളില്‍ നിന്ന് നശിപ്പിക്കാൻ യുഎസും ഇന്ത്യയും ഒരുമിച്ച് ശ്രമിക്കണം.” ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
2030 ആകുമ്ബോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൻ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വാർത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.’ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്, എണ്ണ, വാതക വ്യാപാരത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാർ വളരെ വേഗത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തെക്കാള്‍ വേഗത്തില്‍ പ്രവർത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും’ പ്രധാനമന്ത്രി മോദി പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നുള്ളതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് തഹാവൂർ റാണയെ വിട്ടുകിട്ടണമെന്നുള്ളത്. ‘ 2017 ല്‍, എന്റെ ഭരണകൂടം ക്വാഡ് സുരക്ഷാ പങ്കാളിത്തം പുനരുജ്ജീവിപ്പിച്ചു, ഇന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയില്‍, യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവ തമ്മിലുള്ള ശക്തമായ സഹകരണം പ്രധാനമന്ത്രിയും ഞാനും വീണ്ടും ഉറപ്പിച്ചു. ഇന്തോ-പസഫിക്കില്‍ സമാധാനം, സമൃദ്ധി, ശാന്തത എന്നിവ നിലനിർത്തേണ്ടത് വളരെ നിർണായകമാണ്’ ട്രംപ് പറഞ്ഞു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്സ്, ടെസ്‌ല മേധാവി എലോണ്‍ മസ്‌ക്, റിപ്പബ്ലിക്കൻ നേതാവും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദിയോടൊപ്പം വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു.