ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമെയ്‌നി കോമയിൽ എന്ന് റിപ്പോർട്ട്. ആരോഗ്യനില അതീവ ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 85 കാരനായ ഇദ്ദേഹത്തിന്റെ പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ഇറാനിൽ തുടങ്ങിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ഇറാൻ അടുത്ത അയത്തൊള്ള ആരായിരിക്കണം എന്ന കാര്യം തീരുമാനിച്ചിരുന്നു എന്നാണ് മറ്റൊരു വാദം. നിലവിലെ അയത്തൊള്ള അലി ഖമെയ്‌നി വാർദ്ധക്യ സഹജമായ അസുഖങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ആയിരുന്നു പുതിയ അയത്തൊള്ളയെ തിരഞ്ഞെടുത്തത് എന്നുമാണ് വിവരം. നിലവിലെ അയത്തൊള്ളയുടെ മകൻ മൊജ്തബ ഖമെയ്‌നി ഈ പരമോന്നത സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.അതേസമയം അയത്തൊള്ള കോമയിൽ ആണെന്ന് വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ നവംബർ ഏഴിനാണ് അദ്ദേഹത്തെ ഏറ്റവും ഒടുവിൽ പൊതുമധ്യത്തിൽ കണ്ടത്. കഴിഞ്ഞ സെപ്റ്റംബർ 26 ന് ഇറാനിയൻ അസംബ്ലിയിലെ 60 വിദഗ്ധരെ രഹസ്യമായി അയത്തൊള്ള കണ്ടിരുന്നു. ഈ യോഗത്തിൽ വച്ച് ഭാവി അയത്തൊള്ളയെ നിശ്ചയിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.