ടെഹ്റാൻ: ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ.
കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപം വച്ച് ഇറാൻ കപ്പൽ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ഇതിൽ മലയാളിയായ ആൻ ടെസ്സ ജോസഫിനെ മോചിപ്പിച്ചിരുന്നു. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്.
ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുള്ള ഇസ്രയേൽ ആക്രമണത്തിനെതിരെ ഇറാൻ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകെയാണ് കപ്പൽ പിടിച്ചെടുത്തത്.
കപ്പൽ വിട്ടയയ്ക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിവരങ്ങൾ പങ്കുവച്ചിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.