ജോയ്‌സിയുടെ ഇലപൊഴിയും ശിശിരം എന്ന ജനപ്രിയനോവൽ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകൃതമാകുകയാണ്. 1990ലാണ് ഇറാക്ക് കുവൈറ്റിനെ ആക്രമിക്കുന്നത്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ തുടങ്ങുന്നത്.
സദ്ദാം മെഡിക്കൽ സിറ്റിയിൽ നഴ്‌സായി ജോലി ചെയ്യുന്ന സുഷമ, യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ജോർജ്ജ് തോമസ് എന്ന പത്തനംതിട്ടക്കാരനെ ചികിത്സക്കിടയിൽ കണ്ടുമുട്ടുന്നു.
28 വർഷം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അയാൾ ചെയ്ത കുറ്റം അതിർത്തി ലംഘിച്ചു യാത്ര ചെയ്തു എന്നതായിരുന്നു. കഴിഞ്ഞ എട്ടുവർഷമായി ഇറാഖ് ജയിലിൽ കഴിയുന്ന ജോർജ്ജ് ജീവിച്ചിരിപ്പുണ്ട് എന്ന് അയാളുടെ വീട്ടുകാർക്ക് പോലും അറിവുണ്ടായിരുന്നില്ല.
തൊടുപുഴയിൽ താൻ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കോളേജിലെ സീനിയർ ആയിരുന്ന ജോർജ്ജ് കുട്ടി ആയിരുന്നു അത് എന്ന് തിരിച്ചറിയുന്ന സുഷമ അന്യായമായി തടവിൽ പാർപ്പിച്ച അയാളെ കുറിച്ചുള്ള വിവരം ഇൻഡ്യൻ എംബസിയിൽ അറിയിക്കുന്നു.
വർഷങ്ങളായി ജയിലിൽ നരകജീവിതം നയിയ്ക്കുന്ന അയാളുടെ സ്ഥിതി അതീവ ദയനീയമായിരുന്നു.
കഥകളെ അവയുടെ കഥന രീതിക്കും, അച്ചടിച്ച മാധ്യമത്തിനും അനുസൃതമായി ഉദാത്തമെന്നും പൈങ്കിളിയെന്നുമൊക്കെ തരം തിരിയ്ക്കുന്ന മലയാളിയുടെ കപട സാഹിത്യബോധത്തിന് നേരെ മുഖം തിരിച്ച് എഴുത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയ നോവലിസ്റ്റ് ആണ് ചൊവ്വാറ്റുകുന്നേൽ ജോയി എന്ന ജോയ്‌സി.

എൺപതുകളിൽ, മ’ പ്രസിദ്ധീകരണങ്ങൾ അവയുടെ ജൈത്രയാത്ര തുടരുന്ന കാലം. സിനിമ കഴിഞ്ഞാൽ വായനയോളം വലിയ മറ്റൊരു വിനോദം മലയാളിയ്ക്കില്ലാത്ത കാലം.
മുട്ടത്തുവർക്കിയും, മാത്യു മറ്റവും, കോട്ടയം പുഷ്പനാഥുമൊക്കെ വിവിധ വീക്കിലികളിൽ പലതരം കഥകളുമായി കൊടികുത്തി വാഴുന്ന കാലം. വാരികകളിലെ തുടർ കഥകൾക്കായി സാധാരണക്കാർ ആൺപെൺ ഭേദമില്ലാതെ കാത്തിരിയ്ക്കും.
അക്കാലത്ത് കുങ്കുമം, മംഗളം, മനോരാജ്യം എന്നിവ നടത്തിയ വിവിധ നോവൽ മത്സരങ്ങളിൽ മൂന്നിടത്തും ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ജോയ്‌സി ജനപ്രിയ സാഹിത്യലോകത്തിലേക്കുള്ള തന്റെ വരവറിയിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത പ്രയാണം.
ജോസി വാഗമറ്റം, സി.വി നിർമല, ജോയ്‌സി എന്നീ വിവിധ പേരുകളിൽ പ്രമേയത്തിലും പ്രതിപാദനത്തിലും വ്യത്യസ്തത തേടുന്ന അനേകം രചനകളിലൂടെ തന്റേതായ ഒരിരിപ്പിടം കണ്ടെത്തുവാൻ അധികം കാലതാമസമൊന്നും ഉണ്ടായില്ല.
ജോയ്‌സിയുടെ സൂപ്പർഹിറ്റ് നോവലുകളെല്ലാം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോൺബുക്‌സ്.
അതിന്റെ ആദ്യ ചുവട് വെയ്പ്പാണ് ഇലപൊഴിയും ശിശിരം പ്രസിദ്ധീകരിക്കുന്നതിലൂടെ സാധിക്കുന്നതെന്ന് ഡോൺബുക്സ് അധികൃതർ പ്രതികരിച്ചു.
ഇലപൊഴിയും ശിശിരത്തിന്റെ കവർ പല പ്രമുഖരും തങ്ങളുടെ സോഷ്യൽ മീഡിയായിലൂടെ പങ്കുവെച്ചു. പ്രശസ്ത ഗാനനിരുപകനായ ടി.പി ശാസ്ത്രമംഗലം, ചലചിത്രനിരുപകനും കന്യക ദ്വൈവാരികയുടെ മുൻഎഡിറ്റർ ഇൻ ചാർജ് എ ചന്ദ്രശേഖരൻ, മംഗളം വാരികയുടെ മുൻ എഡിറ്റർ ഇൻ ചാർജ് പി. ഒ. മോഹൻ, ഈ നോവൽ വാരികയിൽ വരച്ച പ്രശസ്ത ചിത്രകാരൻ മോഹൻ മണിമല, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, ആർട്ടിസ്റ്റ് എൻ.ജി എസ് കുമാർ ഹരികുമാർ ഇളയിടം, കാർട്ടൂണിസ്റ്റ് ജോഷി ജോർജ്, നോവലിസ്റ്റ് രാജീവ് ജി ഇടവ, രമേശ് പുതിയമഠം, പ്രവാസി എഴുത്തുകാരനായ ജോയ് ഡാനിയെൽ, തേക്കികാട് ജോസഫ്, കാർട്ടൂണിസ്റ്റ് ദിലീപ് തിരുവട്ടാർ, കാർട്ടൂണിസ്റ്റ് സുരേന്ദ്രൻ വാരച്ചാൽ, രവി വാസുദേവ് തുടങ്ങിയവരും അദ്ദേഹത്തിൻ്റെ ആരാധകരായ അനേകം വായനക്കാരും ഈ കവർ പങ്കുവെച്ചവരിൽ ഉൾപ്പെടുന്നു.
അതി വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ തനിക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് നോവലിസ്റ്റ് ജോയ്‌സി പ്രതികരിച്ചു. ജോയ്‌സിയുടെ നീലചെടയൻ പ്രസിദ്ധീകരിച്ചതും ഡോൺബുക്‌സാണ്.