കണ്ണൂർ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു.ഉളിയില്‍ ചിറമ്മല്‍ ഹൗസില്‍ കെ.ടി.ഫൈജാസാണ് (36) മരിച്ചത്. ഫൈജാസ് സഞ്ചരിച്ചിരുന്ന കാർ പുന്നാട്ടുവച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയൂരിലെ പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് അപകടം. ചക്കരക്കല്ലില്‍നിന്നു കീഴൂർ കുന്നിലേക്കു വരികയായിരുന്ന കാറും ഇരിട്ടിയില്‍നിന്ന് ഉളിയില്‍ ഭാഗത്തേക്കു വരികയായിരുന്ന ഫൈജാസ് ഓടിച്ച കാറും തമ്മിലാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറിന്‍റെയും മുൻഭാഗം തകർന്നിരുന്നു.ഫൈജാസിന്‍റെ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്ന് അദ്ദേഹം വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഫൈജാസിനെ വെളിയില്‍ എടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇരിട്ടിയില്‍നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിന്‍റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ഫൈജാസിനെ പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്
കേരളത്തിനകത്ത് നിരവധി വേദികളില്‍ മാപ്പിളപ്പാട്ട് കൊണ്ട് വിസ്മയം തീർത്ത കലാകാരനായിരുന്നു ഫൈജാസ്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ചാനലുകളില്‍ ഫൈജാസ് സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചാണ് കൈയടി നേടിയത്. മാപ്പിളപ്പാട്ടിന്‍റെ സൗന്ദര്യത്തെ ഭാവം കൊണ്ടും ആലാപന മികവുകൊണ്ടും ആസ്വാദകരുടെ മനസില്‍ ചലനം സൃഷ്‌ടിച്ച ഫൈജാസിനു സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുണ്ടായിരുന്നു. ഉളിയിലെ പരേതരായ ആബു- സുഹറ ദമ്ബതികളുടെ മകനാണ്