ഐ എസ് എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയോട് പൊരുതിത്തോറ്റു. 2–4നായിരുന്നു തോൽവി. സമനില പിടിച്ചശേഷമാണ് രണ്ട് ഗോൾ വഴങ്ങിയത്. 72-ാം മിനിറ്റിൽ ക്വാമി പെപ്ര രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി പുറത്തായശേഷം പത്ത് പേരുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളി പൂർത്തിയാക്കിയത്. 2–2ന് നിൽക്കുന്ന സമയത്തായിരുന്നു പെപ്രയുടെ പുറത്താകൽ. പെപ്രയും പെനൽറ്റിയിലൂടെ ഹെസ്യൂസ് ഹിമിനെസും ലക്ഷ്യം കണ്ടു. മുംബൈക്കായി നിക്കോ കരെലിസ് ഇരട്ടഗോളടിച്ചു. നതാൻ റോഡ്രിഗസും ലല്ലിയൻസുവാല ചങ്‌തെയും മറ്റ് ഗോളുകൾ നേടി. മുംബൈയുടെ രണ്ട് ഗോൾ പെനൽറ്റിയിലൂടെയായിരുന്നു.ഏഴ് കളിയിൽ എട്ട് പോയിന്റുമായി പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സ്.നവംബർ ഏഴിന് ഹൈദരബാദ് എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.