തിരുവനന്തപുരം : 12 കോടിക്ക് ശേഷം വീണ്ടും 10 കോടിയുടെ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ ടിക്കറ്റിന്റെ വില്പന ആരംഭിച്ചു കഴിഞ്ഞു.
മേയ് 29ന് നടന്ന വിഷു ബമ്പർ നറുക്കെടുപ്പിന് പിന്നാലെയായിരുന്നു മൺസൂൺ ബമ്പർ ടിക്കറ്റ് റിലീസ് ചെയ്തത്.
10 കോടിയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനം. ടിക്കറ്റ് വില 250 രൂപയാണ്. രണ്ടാംസമ്മാനം ഒരു കോടി വീതം അഞ്ചുപേർക്കും മൂന്നാംസമ്മാനം 10 ലക്ഷം രൂപവീതം 5 പേർക്കും ലഭിക്കും.
ജൂലായ് 26നാണ് നറുക്കെടുപ്പ് നടക്കുക.
വിഷു ബമ്പറിന്റെ ഒന്നാംസമ്മാനമായ 12 കോടി നേടിയ ഭാഗ്യവാൻ ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വീട്ടി വിശ്വംഭരനാണ്.
76കാരനായ വിശ്വംഭരൻ സഹോദരി സുമതിക്കുട്ടിയെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ടിക്കറ്റ് നറുക്കെടുപ്പിന് രാവിലെ വാങ്ങി വിജയം ഉറപ്പിക്കുകയായിരുന്നു.
തുടർന്ന് സഹോദരിയുടെ മരുമകൾ ഇന്ദു സുരേഷിനെയും കൂട്ടി ആലപ്പുഴ കൈതവനയിലെ തൃക്കാർത്തിക ലോട്ടറി ഏജൻസിയിലെത്തി.
ഇതോടെ കേരളം കാത്തിരുന്ന ഭാഗ്യവാൻ വെളിച്ചത്തായി.സി.ആർ.പി.എഫിലായിരുന്നു വിശ്വംഭരൻ.
20 വർഷത്തെ സേവനത്തിനൊടുവിൽ ലാൻസ് നായിക് ആയിരിക്കെ വോളന്ററി റിട്ടയർമെന്റ് എടുത്തു.
എറണാകുളത്തെ ധനകാര്യ സ്ഥാനപനത്തിൽ സെക്യൂരിറ്റിയായി പ്രവർത്തിച്ചു.
കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചു.
അഞ്ചു വർഷമായി ലോട്ടറിയെടുക്കുന്ന വിശ്വംഭരന്, അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇത്തവണ രണ്ടു ടിക്കറ്റെടുത്തു.
പഴവീട്ടിലെ സബ് ഏജന്റ് ജയലക്ഷ്മിയുടെ കൈയിൽ നിന്നെടുത്തതാണ് സഹോദരിയെ ഏൽപ്പിച്ചത്.
പഴവീട് ദേവീക്ഷേത്രത്തിനു സമീപത്തെ ലോട്ടറിക്കടയിൽ നിന്നെടുത്തത് സ്വന്തം കൈയിലും.
പ്രസന്നകുമാരിയാണ് ഭാര്യ.
ടെക്നോപാർക്ക് ജീവനക്കാരി വീണയും സ്കൂൾ അദ്ധ്യാപിക വിദ്യയും മക്കളാണ്.
വിഷു ബമ്പറിന്‍ രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കിയിരുന്നു.
10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലായിരുന്നു മറ്റ് സമ്മാനഘടനകള്‍.
അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കി.
ഇപ്പോഴിതാ 10 കോടിയുടെ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ മറ്റൊരു ഭാഗ്യവാനെ തേടുകയാണ്.