ഇന്ന് വിജയദശമി.അറിവിൻ്റെ ലോകത്തേക്ക് പിച്ചവയ്ക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ക്ഷേത്രങ്ങളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും എത്തിച്ചേർന്നു തുടങ്ങി.സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ആരംഭിച്ചു. പനച്ചിക്കാട്, കൊല്ലൂർ, തിരുവനന്തപുരം, തിരൂർ എന്നിവിടങ്ങളിലെ വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമെത്തിക്കൊണ്ടിരിക്കുന്നത്.
വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധമായ പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തില്‍ പുലർച്ചെ 3.30ന് നട തുറന്നു. നാലിന് പൂജയെടുപ്പിനു ശേഷം എഴുത്തിനിരുത്ത് ആരംഭിച്ചു. വൈകിട്ട് നാലുവരെ ചടങ്ങുകള്‍ തുടരും. സരസ്വതീ നടയ്ക്കു സമീപം പ്രത്യേക വിദ്യാമണ്ഡപമാണ് സജ്ജീകരിച്ചിരിക്കുന്നത്. 40 ഗുരുക്കന്മാർ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകരും.വിദ്യാരംഭത്തോടൊപ്പം ക്ഷേത്രത്തില്‍ സംഗീതാർച്ചനയും കലാപരിപാടികളും നടക്കും. സംഗീതം, മോഹിനിയാട്ടം, തിരുവാതിര, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പുലർച്ചെ നാലിന് വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. വാഗ്ദേവതയായ മൂകാംബികയുടെ സന്നിധിയില്‍ ആദ്യാക്ഷരം കുറിക്കാനായി വിവിധ നാടുകളില്‍നിന്ന് മലയാളികളടക്കം നിരവധി ഭക്തരാണ് എത്തുന്നത്. ഉച്ചയോടെ എഴുത്തിനിരുത്ത് ചടങ്ങുകള്‍ പൂർത്തിയാകും. കലാരംഗത്ത് അരങ്ങേറ്റം കുറിക്കാനെത്തുന്നവരും നിരവധിയാണ്. വൈകിട്ടു നടക്കുന്ന വിജയോത്സവത്തോടെ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.
തിരുവനന്തപുരത്തും വിദ്യാരംഭത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വ്യാസന്റെ നട, പൂജപ്പുര സരസ്വതി ക്ഷേത്രം, ആര്യശാല ഭഗവതി ക്ഷേത്രം, ചെന്തിട്ട ഭഗവതി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നിവിടങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ടാകും. ജില്ലയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം നടക്കും.
മലപ്പുറം തിരൂരിലെ തുഞ്ചൻപറമ്പിലും വിജയദശമി ദിനത്തില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന്റെ അക്ഷരമുറ്റത്ത് ഹരിശ്രീ കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളെത്തും. പ്രമുഖ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിലാകും കുട്ടികളെ എഴുത്തിനിരുത്തുക.

