റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശി പിടിയിൽ.പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് കൊല്ലം മാക്കത്തല സന്തോഷ് ഭവനിൽ സന്തോഷ്‌കുമാറിനെ റെയിൽവേ സ്‌റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഫോൺ കുത്തിയിട്ട ശേഷം വിശ്രമിക്കുകയായിരുന്നു പാലക്കാട് സ്വദേശിയായ യാത്രക്കാരൻ. ഈ സമയത്താണ് ഇദ്ദേഹത്തിന്റെ 80000 രൂപ വിലയുള്ള സാംസങ് ഫോൺ മോഷണം പോയത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.