ഇവിടെ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം..!

കൗസല്യാമ്മയ്ക്കു പ്രായം 70. ഈ  പ്രായത്തിലും അവർക്കു  വിശ്രമമില്ല. ദിവസവും കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളേറെയാണ്. വയ്ക്കുന്നതും വിളന്പുന്നതും ഇവർതന്നെ. ഒരാൾപോലും സഹായത്തിനില്ല. അനാവശ്യ മസാലക്കൂട്ടുകളൊന്നും ചേര്‍ക്കാതെയാണു പാചകം. ഭക്ഷണത്തിനൊപ്പം അമ്മവാത്സല്യത്തിന്‍റെ രഹസ്യക്കൂട്ടു കൂടി ചേര്‍ക്കുമ്പോള്‍ സ്വാദേറുന്നു.
കോട്ടയം നാഗമ്പടം പാലം കയറി ആദ്യം കാണുന്ന കുരിശടിയുടെ സമീപത്തെ വഴിയിലൂടെ 200 മീറ്റര്‍ ഉള്ളിലേക്ക് കയറിച്ചെന്നാല്‍ കൗസല്യാമ്മയുടെ ‘രുചിയുടെ കൊട്ടാരത്തി’ലെത്താം. രാവിലത്തെ കാപ്പിയും ഉച്ചയ്ക്കുള്ള ഊണും വൈകുന്നേരത്തെ ചെറുകടിയും വിളമ്പി കൗസല്യാമ്മ അവിടെ ചുറുചുറുക്കോടെ ഓടിനടക്കുന്നു.
പുലർച്ചെതന്നെ കൗസല്യാമ്മ തന്‍റെ ജോലി തുടങ്ങും. രാവിലെ കാപ്പിക്ക് ഇഡലി, ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങൾ. ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം അവിയല്‍, മോര്, സാമ്പാര്‍, തോരന്‍, അച്ചാര്‍, മീന്‍ കറി, രസം. സ്‌പെഷല്‍ വേണമെന്നുള്ളവര്‍ക്ക് അതുമുണ്ടാകും. വിലയാകട്ടെ തുച്ഛവും.
തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും പുറമെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇവിടത്തെ പതിവുകാരാകുന്നു.
വിശന്നു വരുന്നവരുടെ വയറും മനസും നിറയ്ക്കുന്ന കൗസല്യാമ്മയ്ക്ക് പറയാനായി ഒരു അതിജീവനകഥ കൂടിയുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തോടെ കൗസല്യാമ്മ തീർത്തും ഒറ്റപ്പെട്ടുപോയി. ജീവിതം വഴിമുട്ടിയ അവസ്ഥ. പക്ഷേ വിധിയെ പഴിച്ചു മാറിനിൽക്കാൻ അവർ തയാറല്ലായിരുന്നു. ഒറ്റമുറി വീട്ടില്‍ ഭര്‍ത്താവിനൊപ്പം തുടങ്ങിവച്ച ഭക്ഷണശാല അവർ തുടർന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ് വീട്. വീടിനോടു ചേര്‍ന്ന ചെറിയൊരു  മുറിയിലാണ് കഴിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത്.
രണ്ടു മക്കളാണ് കൗസല്യാമ്മയ്ക്ക്. അവര്‍ രണ്ടു പേരും വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. പ്രായത്തിന്‍റെ അവശതകള്‍ നന്നായി അലട്ടുന്നുണ്ടെങ്കിലും ഭക്ഷണമൊരുക്കുന്ന കാര്യത്തില്‍ കൗസല്യാമ്മ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഭക്ഷണം കഴിച്ചവർ മുഖത്തൊരു പുഞ്ചിരിയുമായി പോകുന്നതു കാണുന്നതാണ് തന്‍റെ സന്തോഷമെന്ന് ഈ വയോധിക പറയുന്നു.

Leave a Reply

spot_img

Related articles

കെ സുധാകരൻ്റെ വാദം തള്ളി എഐസിസി

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വാദം തള്ളി എഐസിസി.പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സുധാകരൻ്റെ വാദം ഹൈക്കമാൻഡ് തള്ളി. മാറ്റം സംബന്ധിച്ച് രണ്ട് തവണ...

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേരാണ് അറസ്റ്റിലായത്.900...

സ്മാര്‍ട്ട് റോഡുകൾ ഉൾപ്പെടെ 62 റോഡുകൾ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകൾ ഉൾപ്പെടെ 62 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും.സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത 12 റോഡിന്റെ...

തപാല്‍ വോട്ട് പൊട്ടിച്ച്‌ തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും

തപാല്‍ വോട്ട് പൊട്ടിച്ച്‌ തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍...