ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി. ആൽക്കഹോൾ അംശം കണ്ടെത്തുന്നവർ മരുന്ന് കഴിച്ചെന്നതാണെന്ന് അവകാശപ്പെട്ടാൽ വീണ്ടും പരിശോധിക്കണം. രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവ് ആയാൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്. ഹോമിയോ മരുന്ന് കഴിച്ചയാൾക്ക് ബ്രത്ത് അനലൈസർ പരിശോധന പോസിറ്റീവ് ആയതിന് പിന്നാലെയാണ് തീരുമാനം. സർക്കുലറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറായ ആർ.ഇ.സി. മലയമ്മ സ്വദേശി ടി.കെ. ഷിദീഷ് ഞായറാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് സംഭവം. മാനന്തവാടിയിലേക്ക് യാത്ര പുറപ്പെടും മുൻപ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഒൻപത് പോയിന്റ് റീഡിംഗ് കാണിച്ചു. ഇതോടെ ഷിദീഷിനെ വാഹനം ഓടിക്കാൻ മേലധികാരികൾ അനുവദിച്ചില്ല. ഹോമിയോ മരുന്നാണ് കഴിച്ചതെന്നും മദ്യം കഴിക്കാത്ത ആളാണെന്നും ഷിദീഷ് പറഞ്ഞെങ്കിലും അധികൃതർ ഇത് അംഗീകരിച്ചില്ല. തുടർന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകാൻ ഷിദീഷിന് നിർദ്ദേശം നൽകുകയായിരുന്നു.തുടർന്ന് തിരുവനന്തപുരത്തെ മെഡിക്കൽ ബോർഡിനും വിജിലൻസ് ബോർഡിനും മുന്നിൽ ഹാജരായ ഷിദീഷ് ഹോമിയോ മരുന്നുമായാണ് പരിശോധനയ്ക്ക് എത്തിയത്. ആദ്യം മരുന്ന് കഴിക്കാതെ പരിശോധന നടത്തിയപ്പോൾ റീഡിംഗ് പൂജ്യമായിരുന്നു. പിന്നീട് മരുന്ന് കഴിച്ചശേഷം പരിശോധിച്ചപ്പോൾ റീഡിംഗ് അഞ്ച് കാണിച്ചു. ഇതോടെ മദ്യം കഴിച്ചിട്ടല്ല റീഡിംഗ് കാണിച്ചതെന്ന് ബോർഡിന് ബോധ്യപ്പെട്ടു. തുടർന്ന് നടപടി ഉണ്ടാകില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.