എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും. പ്രായ നിബന്ധനയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള ആർക്കും ഇളവ് നല്‍കേണ്ടതില്ല എന്ന് ധാരണയുള്ളതിനാല്‍ പിബിയില്‍ അവശേഷിക്കുന്ന നേതാക്കളില്‍ നിന്ന് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തണമെന്നതും ബേബിക്ക് തുണയായി.
2005 ല്‍ പിബിയില്‍ എത്തിയ ബി.വി.രാഘവലു മാത്രമാണ് ബേബിയേക്കാള്‍ സീനിയോറിറ്റി ഉള്ള ഏക നേതാവ്. പാർട്ടി ദുർബലമായ ആന്ധ്രയില്‍ നിന്ന് വരുന്ന രാഘവലു ദേശിയ തലത്തില്‍ കാര്യമായ സാന്നിധ്യമല്ല.ആന്ധ്രയിലെയും തെലങ്കാനയിലെയും സംഘടന പ്രശ്നങ്ങളില്‍ ആരോപണ വിധേയനായ രാഘവലു ഇടക്ക് പിബി അംഗത്വം രാജിവെച്ചിരുന്നു. എന്നാല്‍ വിവാദം ഒഴിവാക്കാൻ നേതാക്കള്‍ ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു.രാഘവലു കഴിഞ്ഞാല്‍ പിബി അംഗവും കിസാൻ സഭ ജനറല്‍ സെക്രട്ടറിയുമായ അശോക് ധാവ്ള ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
മഹാരാഷ്ട്ര കർഷക സമരത്തോടെ ദേശിയ തലത്തില്‍ ശ്രദ്ധേയനായ ധാവ്ള നല്ല സംഘാടകനും സൈദ്ധാന്തിക അടിത്തറയുള്ള നേതാവുമാണ്. ആദർശ രാഷ്ട്രീയ വഴിയിലുള്ള ധാവ്ളക്ക് പ്രായോഗിക രാഷ്ട്രിയത്തില്‍ വലിയ മികവില്ല. ഇതാണ് ആകെയുള്ള പ്രതികൂല ഘടകം.
ആരോഗ്യ പ്രശ്നങ്ങളും മഹാരാഷ്ട്രാ ഘടകത്തിൻ്റെ പിന്തുണ ഇല്ലാത്തതും ധാവ്ളയുടെ സാധ്യതയെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്ബോള്‍ എം.എ. ബേബി തന്നെ ജനറല്‍ സെക്രട്ടറി ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇ.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി ആവും അദ്ദേഹം
അതേസമയം തനിക്ക് മുകളില്‍ കേരളത്തിലെ പാർട്ടിയില്‍ വേറൊരു അധികാര കേന്ദ്രം ഉണ്ടാകുന്നത് അംഗീകരിച്ച് നല്‍കാൻ വിമുഖതയുള്ളയാളാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ എതിർപ്പ് ബേബി അനുകൂലികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാൻ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തില്‍ ബദല്‍ നീക്കവുമുണ്ട്. കേന്ദ്ര കമ്മിറ്റിയിലും മറ്റ് സംസ്ഥാന ഘടകങ്ങള്‍ക്കിടയിലും ആശയ വിനിമയം സജീവമാണ്.