മലയാളികളുടെ ഭക്ഷണ രീതിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അരിയാഹാരം. നല്ല ചോറും ,പുട്ടും,ഇഡലിയും ,ദോശയും ഒക്കെ ഇഷ്ട്ടപ്പെടാത്ത മലയാളി ഇല്ല. എന്നാൽ അരിയാഹാരത്തോടുള്ള മലയാളിയുടെ പ്രിയം കുറഞ്ഞുവെന്നും, പകരം ഗോതമ്പും ,മില്ലറ്റും ഒക്കെയാണ് ഇപ്പോൾ അവരുടെ ഇഷ്ടഭക്ഷണമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട കഴിഞ്ഞ പത്ത് വർഷത്തെ ഗാർഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അരിയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. 2011-12ല്‍ ഗ്രാമീണ മേഖലകളിലെ ഒരാളുടെ ശരാശരി അരി ഉപയോഗം 7.39 കിലോഗ്രാം ആയിരുന്നു,എന്നാലിത് 2022-23 ആയപ്പോൾ 5.82 കിലോഗ്രാം ആയി കുറഞ്ഞു , നഗര മേഖലകളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാമായും കുറഞ്ഞിട്ടുണ്ട്.ആരോഗ്യ പരിപാലനത്തിന്റെ പേരിൽ മൂന്ന് നേരം അരിയും അരി ഉൽപന്നങ്ങളും കഴിച്ചിരുന്ന മലയാളി ഇപ്പോൾ ഉപയോഗം കുറയ്ക്കുകയും അല്ലെങ്കിൽ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്. പലരും ആരോഗ്യപരമായ ഭക്ഷണശീലം തിരഞ്ഞെടുക്കുന്നതിനായി ഇവ ഒഴിവാകുന്നുണ്ടെങ്കിലും കൂടുതലായി ജങ്ക് ഫുഡുകളോട് താത്പര്യം കാണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്, ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ,ക്യാൻസർ പോലെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.പ്രമേഹം ,അമിത വണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് പലരും അരിയാഹാരം കുറച്ച് ഗോതമ്പിലോട്ടും മില്ലറ്റിലോട്ടും മാറുന്നത് , കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് രോഗം തടയാൻ സഹായിക്കും അതിനോടൊപ്പം തന്നെ മെച്ചപ്പെട്ട ഭക്ഷണരീതി സ്വീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.