മാനസികാരോഗ്യ സംരക്ഷണത്തിന് ക്വാസി ജ്യുഡിഷല്‍ സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
സ്ഥലവും അടിസ്ഥാന സൗകര്യവും ഒരുക്കി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ആരംഭിച്ചത്.
സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് മാര്‍ച്ച് 14ന് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇതിന്റെയടിസ്ഥാനത്തില്‍ റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുകയും 4 മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മാനസിക രോഗിയായ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷല്‍ സംവിധാനമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ്. ഓരോ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളിലും ചെയര്‍മാനും അംഗങ്ങളുമാണുള്ളത്.