വീണാ വിജയൻ പ്രതിയായ മാസപ്പടിക്കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർനടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎല്‍ നല്‍കിയ ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടരയോടെയായിരിക്കും ഹർജികളില്‍ വാദം കേള്‍ക്കുക. ഹർജിയില്‍ എസ്‌എഫ്‌ഐഒയ്ക്കും കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ഇന്ന് ഹാജരാകും.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎല്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്‌എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാസപ്പടിക്കേസില്‍ വീണാ വിജയനെ പ്രതി ചേർത്തുളള കുറ്റപത്രം എസ്‌എഫ്‌ഐഒ സമർപ്പിച്ചത്. യാതൊരു സേവനവും നല്‍കാതെ വീണ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. വീണയുടെ എക്‌സാലോജിക് കമ്ബനി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.