വരാപ്പുഴ ബിഷപ്പ് ഹൗസിൽ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തി. മുനമ്പം സമര സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു. സൗഹാര്‍ദപരമായ ചര്‍ച്ചായായിരുന്നുവെന്നും പോസിറ്റീവായിരുന്നുവെന്നും ചര്‍ച്ചയ്ക്കുശേഷം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയം ചര്‍ച്ച ചെയ്തുവെന്നും പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്നമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്നും മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് ഫാറൂഖ് കോളേജ് കമ്മിറ്റിയുടെ നിലപാടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം വിഷയം രമ്യമായ പരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെങ്കിൽ മുസ്ലിം ലീഗ് മുൻകയ്യെടുക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബിഷപ്പുമാരുമായി ചർച്ച നടത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടിൽ എല്ലാവർക്കും യോജിപ്പാണ്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതിന് നൽകേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.