അമേരിക്കയിലെ കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം ചിങ്ങവനത്ത് ഭർതൃഗൃഹവുമുള്ള ആൻ മേരി മാത്യു(40) എന്നിവരാണ് ഓഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്.സംഭവത്തില്‍ അതേ അപ്പാർട്മെന്റില്‍ താമസിക്കുന്ന ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഡിക്സണ്‍ ലാൻഡിങ് റോഡിലെ മില്‍ക്രീക്ക് അപ്പാർട്ട്മെന്റ്സിലാണ് മൂവരും കുടുംബസമേതം താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം മൂവരും ഒന്നിച്ച് ഓണാഘോഷത്തില്‍ പങ്കെടുത്തിരുന്നു. തുടർന്ന് തിയറ്ററില്‍ സിനിമ കാണാനും പോയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള എസ്യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുപോകുന്നത് ദൃക്സാക്ഷികള്‍ കണ്ടു. വാഹനമോടിച്ചിരുന്നത് സ്ത്രീയാണെന്നും ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയില്‍ മുൻഭാഗം തകർന്ന നിലയില്‍ നീല എസ്യുവിയും കണ്ടെത്തി. തുടർന്ന് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.അഞ്ജന കൊല്ലപ്പെട്ട വിവരമറിഞ്ഞ് ആൻ മേരിയുടെ ഭർത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ഭാര്യ കുത്തേറ്റും ചോരവാർന്നും മരിച്ചുകിടക്കുന്നത് കണ്ടത്. കാലിഫോർണിയയില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അഞ്ജന ഹരി. സോഫ്റ്റ്വെയർ എൻജിനീയറായ വിജീഷാണ് ഭർത്താവ്. ഇവർക്ക് ആറുവയസുള്ള മകളുണ്ട്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് ആൻ. രണ്ട് പെണ്മക്കളുണ്ട്.2021ലാണ് അഞ്ജനയും കുടുംബവും കാലിഫോർണിയയിലെത്തിയത്. 2023ലാണ് അഞ്ജന അവസാനമായി മണ്ണുത്തിയിലെ വീട്ടിലെത്തിയത്. മരണപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മില്‍പീറ്റസ് പൊലീസ് അന്വേഷണം തുടരുകയാണ്.

