മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ ഡി എമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ് ഐ ആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സി ബി ഐ അന്വേഷണത്തെ സി പി എം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. നവീൻ ബാബുവിൻ്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബി ജെ പി നേരത്തെ തന്നെ പറഞ്ഞിരുന്നു. സി ബി ഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.