തിരുവനന്തപുരം നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവർ അരുൾ രാജിന്റെ ലൈസൻസും ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെർമിറ്റും രജിസ്ട്രേഷനും റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.ഇന്നലെ രാത്രിയാണ് കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച ബസ് രാത്രി 10:15 ഓടെ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ കാവല്ലൂർ സ്വദേശിനി ദാസിനി മരണപ്പെട്ടിരുന്നു. അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മിനിറ്റുകൾ കൊണ്ട് ബസിലുള്ള മുഴുവൻ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചു. ഒരുകൂട്ടം മനുഷ്യരുടെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഒരു പിടി ജീവനുകളാണ്. ബസിൽ ഒരു വയസ് പ്രായമുള്ള കുട്ടികളടക്കമുള്ളവർ ഉണ്ടായിരുന്നു. അപകട സമയത്ത് ബസിൽ ഉണ്ടായിരുന്ന 49 പേരിൽ 44 പേർക്കും പരുക്കേറ്റു