ചെന്നൈ:കോൺഗ്രസിന് അനുകൂലമായൊരു ഫലം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ അധികാരത്തിൽ വരുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്ന അവസരത്തിലാണിത്.
ഇന്ത്യ സഖ്യം ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്തുമെന്നും എൻഡിഎയ്ക്ക് കുറവുണ്ടാകുമെന്നുമാണ് പ്രവചനം.
ദേശബന്ധു പത്രത്തിന്റെ ഡിജിറ്റൽ ചാനലായ ഡിബി ലൈവ് ഇലക്ട്‌ലൈൻ ഒഫ് ഇന്ത്യ ഏജൻസിയുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ ഫലമാണ് പുറത്തുവന്നത്.
എൻ ഡി എയ്ക്ക് 207-241 സീറ്റുകൾ നേടാനാവുമെന്നും ഇന്ത്യ സഖ്യം 255 – 290 സീറ്റുകൾ വരെ നേടിയേക്കാമെന്നുമാണ് പറയുന്നത്.
സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഉത്തർപ്രദേശിൽ എൻ ഡി എയ്ക്ക് 46- 48 സീറ്റുകളും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യാ സഖ്യത്തിന് 32 -34 സീറ്റുകൾ നേടുമെന്നാണ് പ്രവചിക്കുന്നത്.
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് 28- 30 സീറ്റുകളും എൻഡിഎയ്ക്ക് 18 -20 സീറ്റുകളും ലഭിച്ചേക്കും.കർണാടകയുടെ കാര്യമെടുത്താൽ കോൺഗ്രസിന് 18 – 20 സീറ്റുകളും ബിജെപിയും ജെഡി (എസ്) സഖ്യവും 8- 10 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.
ബീഹാറിൽ എൻ ഡി എയ്ക്ക് 14 -16 സീറ്റുകൾ ലഭിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് 24 -26 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.
മദ്ധ്യപ്രദേശിൽ ബിജെപിക്ക് 24 -26 സീറ്റുകൾ പ്രതീക്ഷിക്കുന്നു.
കോൺഗ്രസിന് 3-5 സീറ്റുകൾ വരെ ലഭിച്ചേക്കും.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് തൂത്തുവാരുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.
പാർട്ടി 26 -28 സീറ്റുകൾ നേടുകയും ബിജെപിക്ക് 11-13 സീറ്റുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
രാജസ്ഥാനിൽ ബിജെപി 17-19 സീറ്റുകളും ഇന്ത്യ സഖ്യം 6 – 8 സീറ്റുകളും നേടുമെന്ന് സർവേ പ്രവചിക്കുന്നു.
കോൺഗ്രസ് നേതാവ് ലവ് ദത്ത എക്സിറ്റ് പോൾ ഫലങ്ങൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
‘ജൂൺ നാലിന് നിങ്ങൾ എല്ലാവരും കാണുന്ന കൃത്യമായ കണക്കുകൾ ഇതാണ്.
ഈ എക്സിറ്റ്‌പോൾ സത്യമാകും. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും.’ എന്ന അടിക്കുറിപ്പോടെയാണ് നേതാവ് എക്സിറ്റ് പോൾ ഫലം പങ്കുവച്ചിരിക്കുന്നത്.
എല്ലാ പ്രധാന സർവേകളും ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു.
2019ൽ 303 സീറ്റുകളായിരുന്നു എൻ ഡി എ നേടിയത്. ഇത്തവണ 400 കടക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ അവകാശവാദം.
അതിനിടയിലാണ് ഇന്ത്യ സഖ്യം ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്തുമെന്ന് പുതിയ സർവ്വേ.