ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. ‘ഗോപൻ സ്വാമി’യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിൻകര ആറാക്കുംമൂട് സ്വദേശി മണിയൻ എന്ന ഗോപന്റേത് കൊലപാതകമോ സമാധിയോ അല്ലെന്നും, മരണം ഹൃദയാഘാതം മൂലാമാണെന്നും സ്ഥിരീകരിച്ച് പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. ഹൃദയാഘാതം മൂലം മരിച്ചശേഷമാണ് ഭാര്യയും മക്കളും ചേർന്ന് ഗോപന്റെ മൃതദേഹം എടുത്ത് സമാധിയിരുത്തിയത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മരണവിവരം ആരെയും അറിയിക്കാതിരുന്ന കുടുംബം ഗോപൻ സമാധിയായതാണെന്ന് അവകാശപ്പെടുകയായിരുന്നു. എന്നാൽ കൊലപാതകമെന്ന് ഉൾപ്പെടെയുള്ള ദുരുഹതയേറിയ സംശയങ്ങളെ തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. തുടർന്ന് മൃതദേഹം വീണ്ടും അവിടെ തന്നെ സമാധിയിരുത്തുകയും ചെയ്തിരുന്നു.ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാസങ്ങൾക്ക് ശേഷം ലഭിച്ചതോടെയാണ് നിലവിലുണ്ടായിരുന്ന ദുരുഹതകളെല്ലാം നീങ്ങി പോലീസ് കേസ് അവസാനിപ്പിച്ചത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളിൽ ചതവുകളുണ്ടെങ്കിലും അതൊന്നും മരണകാരണമല്ലെന്നാണ് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ ഹൃദയധമനികളിൽ തടസ്സമുണ്ടായിരുന്നുവെന്നും കരൾ രോഗം കലശലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിച്ചു. എങ്കിലും ഗോപന്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് ഇപ്പോഴും മകന്റെ നേതൃത്വത്തിൽ പൂജകൾ നടക്കുന്നുണ്ട്.

