ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി താൻ മുന്നോട്ട് വരുമെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ.
ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കമൽഹാസൻ ഇക്കാര്യം അറിയിച്ചത്.
പകരം, അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാമെന്നാണ് ധാരണ.
“ഞാനും എൻ്റെ പാർട്ടിയായ എംഎൻഎമ്മും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എങ്കിലും, സഖ്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. ഒരു സ്ഥാനത്തിനും വേണ്ടിയല്ല, പക്ഷേ രാജ്യത്തിന് വേണ്ടി ഞങ്ങൾ ഒറ്റക്കെട്ട്”,അദ്ദേഹം പറഞ്ഞു.
കമൽഹാസൻ്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തോടൊപ്പം ഔദ്യോഗികമായി ചേരുന്നതിൻ്റെ ഭാഗമായാണ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച.
ബി.ജെ.പിയെ പരാജയപ്പെടുത്തുക പൊതു ലക്ഷ്യത്തോടെയാണ് ഡിഎംകെ സഖ്യം ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇത് ആദ്യമായാണ് മക്കൾ നീതി മയ്യം ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടുന്നത്.
തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും ഡിഎംകെയ്‌ക്കായി എംഎൻഎം പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ട്.
രാഷ്ട്രീയ സഖ്യത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കമൽഹാസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തിൻ്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏത് പാർട്ടിയെയും എംഎൻഎം പിന്തുണയ്ക്കുമെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു.