കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മറച്ചുവച്ച, താല്‍പര്യമെടുക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സി.പി.എം-ബി.ജെ.പി ബാന്ധവം എത്ര വലുതാണെന്നതാണ് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം അവിടെ ബി.ജെ.പി ഓഫീസ് സെക്രട്ടറിയായിരുന്ന ആളാണ്. കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസാക്ഷികളില്‍ ഒരാള്‍ കൂടിയാണ് സതീഷ് എന്ന മുന്‍ ഓഫീസ് സെക്രട്ടറി. ആധികാരികമായിട്ടാണ് അദ്ദേഹം കാര്യങ്ങളെല്ലാം പറഞ്ഞത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനും കുഴല്‍പ്പണം കൊണ്ടുവന്ന ആള്‍ക്കും തമ്മില്‍ ബന്ധമുണ്ടായിരുന്നു.അവര്‍ ഓഫീസില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. അയാള്‍ക്ക് മുറി എടുത്തു കൊടുത്തിരുന്നു. എല്ലാ സൗകര്യവും ചെയ്തുകൊടുത്തിരുന്നു. ഈ പണം എവിടെ നിന്ന് കൊണ്ടുവന്നു, എവിടേയ്ക്ക് കൊണ്ടുപോയി എന്നൊക്കെ കേസ് അന്വേഷിച്ച കേരള പോലീസിനും കൃത്യമായി അറിയാം. ഒരു ഉദ്ഭവ സ്ഥലമുണ്ടാകുമല്ലോ. അതുപോലെ ഒരു ഡെസ്റ്റിനേഷന്‍ പോയിന്റും. കുഴല്‍പ്പണം കണ്ടുപിടിക്കുമ്പോള്‍ പോലീസാണെങ്കിലും മറ്റു സംവിധാനങ്ങളാണെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഈ തുടക്കവും ഒടുക്കവുമാണ്. ഇവിടെ കേരള പോലീസ് ഇത് പുറത്തു വിട്ടില്ലല്ല. ഇത് ആരുടെ പണമാണ്? എന്ന് വി ഡി സതീശൻ ചോദിച്ചു. കുഴല്‍പ്പണമായി കൊണ്ടുവന്ന പണമാണ് വേറെ ഗ്യാംഗ് തട്ടിക്കൊണ്ടുപോയത്. അതിനു വേറെ കേസുണ്ട്. പക്ഷേ ഈ പണം കണക്കില്‍ ഉള്‍പ്പെടാത്ത പണമാണ്. ഇതില്‍ ഒന്നര കോടി രൂപമാത്രമേ പിടിച്ചുള്ളു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനും നേതാക്കള്‍ക്കും കുഴല്‍പ്പണകേസില്‍ പങ്കാളിത്തമുണ്ട്. എന്നിട്ട് ഇ.ഡി.എന്ത് നടപടിയാണ് എടുത്തത്? ഇവിടെ വേറെ ആര്‍ക്കെങ്കിലും എതിരെയായിരുന്നു ഈ ആരോപണമെങ്കില്‍ അപ്പോള്‍ തന്നെ ഇ.ഡി. നടപടി, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് എല്ലാം വരും. ഇത് കൃത്യമായിട്ടുള്ള മണി ലോണ്ടറിംഗ് ആണ്. അതായത് യാതൊരു രേഖകളും ഇല്ലാത്ത പണം. 2021 ല്‍ നടന്ന സംഭവമാണ്. എന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. സംസ്ഥാന സര്‍ക്കാരിനും പോലീസിനും കൃത്യമായി അറിയാം, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ ഇതില്‍ പങ്കാളികളാണ്. ഒരു സമ്മര്‍ദ്ദവും കേന്ദ്രസര്‍ക്കാരിനു മീതെയോ കേന്ദ്ര ഏജന്‍സികളുടെ മീതെയോ ഒരു തരത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ല. സുരേന്ദ്രന് എതിരായ രണ്ടാമത്തെ കേസിലും കൃത്യസമയത്ത് ഇടപെട്ടു . ഒരു കൊല്ലം കൊണ്ട് സമര്‍പ്പിക്കേണ്ട കുറ്റപത്രം സമയത്ത് സമര്‍പ്പിക്കാതെ പതിനേഴ് മാസം കഴിഞ്ഞ് സമര്‍പ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ ആ കേസില്‍ നിന്ന് ഒഴിവാക്കിയത്. ബി.ജെ.പി- സി.പി.എം നെക്സസാണ്. അവര്‍ തമ്മിലുള്ളത് അവിഹതമായ ബന്ധമാണ്. പ്രതിപക്ഷം പറഞ്ഞത് ഓരോന്നായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡി.ജി.പി. ആര്‍.എസ്.എസ് നേതാക്കളെ കണ്ടത്. മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആര്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി. പൂരം കലക്കാന്‍വേണ്ടി / ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍വേണ്ടി ചെയ്ത നടപടികള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് കുഴല്‍പ്പണ കേസ് . ഇവർ പരസ്പരം സഹായിച്ചുകൊടുക്കുകയാണ്. അതാണ് ഈ കേസില്‍ നടന്നിട്ടുള്ളത്. ഗൗരവതരമായ അന്വേഷണം ഇതില്‍ നടക്കണം. കാരണം കള്ളപ്പണമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ തിരിഞ്ഞാൽ ആരോപണം ഇല്ലാതാകുമോ. അത് വളരെ കൃത്യമായി പറഞ്ഞിരിക്കുകയല്ലേ. ആ ഓഫീസില്‍ പണം ഉണ്ടായിരുന്നു. ആധികാരികമായിട്ടുള്ള വിവരങ്ങളല്ലേ പുറത്തുവന്നിരിക്കുന്നത്. കുഴല്‍പ്പണ കേസ് സ്വാഭാവികമയും ഇ.ഡി.അന്വേഷിക്കണം. പക്ഷേ, നടക്കുന്നില്ല. പ്രിവന്‍ഷന്‍സ് ഓഫ് മണി ലോണ്ടറിംഗ് ആക്ട അനുസരിച്ച് ഇ.ഡി. കേസ് എടുക്കണം. മുന്ന് കൊല്ലമായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. മറ്റ് ആര്‍ക്കെങ്കിലും എതിരായി ഒരു കേസ് വന്നാല്‍ ഇ.ഡി. കേസ് എടുക്കും. ഇത് എന്താ അന്വേഷിക്കാത്തത്. അന്വേഷിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ശക്തമായി ആവശ്യപ്പെടേണ്ടേ. ഇന്‍ഫര്‍മേഷന്‍ കിട്ടിയത് കേരളാ പോലീസിനല്ലേ, കേരളത്തിലെ സര്‍ക്കാരിനല്ലേ. ഇന്‍ഫര്‍മേഷന്‍ കിട്ടിയ ആള്‍ എന്താ ചെയ്തത്. അത് നിര്‍ബന്ധമായും അന്വേഷിക്കണമെന്ന് ആവശ്യപ്പെടേണ്ടേ. മിണ്ടുന്നില്ലല്ലോ. ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുകയാണ്. പി.പി ദിവ്യയുടെ കേസില്‍ പോലീസും സര്‍ക്കാരും പൂര്‍ണ്ണമായും പ്രതിക്കൊപ്പമാണ്. എന്തെല്ലാം നാടകമാണ് അവരെ അറസ്റ്റ് ചെയ്യാന്‍ നടത്തിയത്. ഇപ്പോള്‍ കളക്ടറെക്കൊണ്ട് പറയിപ്പിച്ചിട്ട് പുതിയ ഒരു കേസ് ഉണ്ടാക്കാന്‍ നോക്കുകയാണ്. നവീൻ്റെ മരണശേഷം വ്യാജ രേഖയുണ്ടാക്കി. എ.കെ.ജി. സെന്ററിലാണ് വ്യാജ രേഖയുണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ അനുമതിയോടുകൂടി വാജ്യരേഖയുണ്ടാക്കി അയാള്‍ അഴമതിക്കാരനാണെന്ന് സ്ഥാപിക്കാന്‍ നോക്കി. അത് മാധ്യമങ്ങള്‍ പരാജയപ്പെടുത്തി. പാട്ടക്കാരാറില്‍ ഇട്ടിരിക്കുന്ന ഒപ്പും എന്‍.ഒ.സി.യില്‍ അപേക്ഷിച്ചിരിക്കുന്ന ഒപ്പും പരാതിയിലെ പ്രശാന്തിന്റെ ഒപ്പും രണ്ടും രണ്ടാണ് എന്ന് തെളിയിച്ചത് മാധ്യമങ്ങളാണ്. അതിനുശേഷം കളക്ടര്‍ റവന്യു വകുപ്പിന് കൊടുത്ത റിപ്പോര്‍ട്ടിലോ എ. ഗീതഐ.എ.എസ്. അന്വേഷിച്ച റിപ്പോര്‍ട്ടിലോ ഒന്നും പറയാത്ത മൊഴി കളക്ടര്‍ പോലീസിന് കൊടുത്തു എന്നാണ് പറയുന്നത്. തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ പറഞെന്നാണ് മൊഴി.അത് കള്ളമൊഴിയാണ്. മുഖ്യമന്ത്രിയെ കളക്ടര്‍ കണ്ടതിനുശേഷമാണ് ഇങ്ങനെ ഒരു മൊഴി കളക്ടര്‍ കൊടുത്തിരിക്കുന്നത്. അത് കുടുംബത്തിന് അറിയാം.കളക്ടറുമായി ആത്മബന്ധം ഇല്ലാത്തയാളാണ് എ.ഡി.എം. എന്ന് വളരെ വ്യക്തമായി അവർ പറഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകനായ ഉദ്യോഗസ്ഥനോട് മോശമായി സംസാരിക്കുമ്പോള്‍ ദയവുചെയ്ത് ഇത് ഒരു യാത്ര അയപ്പ് യോഗമാണ് ഇങ്ങനെ സംസാരിക്കരുതെന്ന് പറയാനുള്ള തന്റേടം കളക്ടര്‍ കാണിച്ചില്ല. അപ്പോള്‍ കളക്ടര്‍ക്കു കൂടി എല്ലാം അറിയാം. ഇതിനുശേഷം ഒരു തെളിവും ഇല്ലാതായപ്പോള്‍ വീണ്ടും പ്രതിയെ രക്ഷിക്കാന്‍വേണ്ടി കളക്ടറുടെ മൊഴി കൊടുപ്പിച്ചു. അത് മുഖ്യമന്ത്രി കളക്ടറുമായി സംസാരിച്ചതിനുശേഷമാണ്, അതിനു മുമ്പുള്ള ഒരു മൊഴിയിലും ഇതില്ല. റവന്യു മന്ത്രി പറഞ്ഞല്ലോ വകുപ്പിന് കൊടുത്തിരിക്കുന്ന മൊഴിയില്‍ അതില്ല എന്ന് . എ.ഗീതയ്ക്ക് IAS ന് കൊടുത്തിരിക്കുന്നതില്‍ ഇല്ല. ഒരുതരത്തിലും ഇല്ല. എന്നിട്ട് രണ്ടാമത് പ്രതിയെ രക്ഷിക്കാന്‍വേണ്ടി അവര്‍ക്ക് ജാമ്യം കിട്ടാന്‍വേണ്ടി ഉണ്ടായിക്കിയിരിക്കുന്നത്. അതുകൂടി തള്ളിക്കൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. എന്ത് നീതിയാണ് ഇവിടെ നടപ്പാക്കുന്നത്. നമ്മളെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുകയാണ് സര്‍ക്കാര്‍. നിങ്ങളോട് ഒരു നീതി പാര്‍ട്ടിക്കാരോട് ഒരു നീതി എന്നുപറയുകയാണ്. എന്നിട്ട് പാര്‍ട്ടി പോയി പറയുകയാണ് നവീന്റെ കുടുംബത്തിന്റെ കൂടെയാണ് എന്ന്. കുടുംബം കൃതൃമായി പറഞ്ഞിട്ടുണ്ടല്ലോ. ഇവര്‍ നമ്മുടെ കൂടെ അല്ലെന്ന്. ഇതില്‍കൂടുതല്‍ പറയാന്‍ ഒന്നും ഇല്ലല്ലോ.ഇത് വളരെ ഗൗരവപൂര്‍വ്വം കേരളത്തിലെ ജനങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പരിഹാസ്യരായി നില്‍ക്കുകയാണ്. പാലക്കാട് ഉപ തെരഞ്ഞെടുപ്പില്‍ രണ്ട് പേരാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ അപരന്മാരായി നോമിനേഷന്‍ കൊടുത്തിരിക്കുന്നത്. ഒന്ന് ബി.ജെ.പി. കൊടുത്ത രാഹുല്‍. രണ്ട് സി.പി.എം കൊടുത്ത രാഹുല്‍ സി.പി.എമ്മിന്റെ റിബല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എതിരെ മാത്രമാണ്. ബി.ജെ.പി.സ്ഥാനാര്‍ത്ഥിക്ക് എതിരായി അപരനനെ നിര്‍ത്തേണ്ടെന്നു സി.പി.എം തീരുമാനിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കു മാത്രമായി അപരനെ നിര്‍ത്തിയാല്‍ മതിയെന്ന് ബി.ജെ പി യും തീരുമാനിച്ചു. സി.പി.എം സ്ഥാനാര്‍ത്ഥിക്ക് അപരനെ നിര്‍ത്തേണ്ടെന്ന് രണ്ടുപേരും കൂടി കൂടിയാലോചിച്ച് തീരുമാനിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരായി നിരന്തരമായി കേസ് എടുക്കുകയാണ്. നിരന്തരമായി കേസ് എടുത്തത് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരിലാണ്. ഞങ്ങളെ എല്ലാം വിമര്‍ശിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. യാതൊരു പരാതിയിയുമില്ല. ആരെങ്കിലും അയച്ചുതന്നാല്‍ നോക്കും. ഒരു പരിഭവവും പറയാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിൽക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരും. ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത് തുടരെത്തുടരെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെരായി കേസ് എടുക്കുക, അവരെ അറസ്റ്റ് ചെയ്യുക, അവരുടെ ഓഫീസ് പിടിച്ചെടുക്കുക, അവരുടെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുക്കുക, അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുക ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ? സര്‍ക്കാരിനെ ആരും വിമര്‍ശിക്കാന്‍ പാടില്ലേ? സര്‍ക്കാരിനെതിരെ വിമര്‍ശനം ഫേസ്ബുക്ക് പേജിലിട്ടാലും അപ്പോള്‍ അറസ്റ്റാണ്. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പാടില്ല. ഇദ്ദേഹം ആരാ വിമര്‍ശനത്തിന് അതീതനായ ആളാണോ? ദൈവത്തിനെപ്പോലും വിമര്‍ശിക്കുന്ന നാടാണ് നമ്മുടേത്. ഇദ്ദേഹത്തെ വിമര്‍ശിച്ചാല്‍ അപ്പോള്‍തന്നെ കേസ് എടുക്കുകയാണ്. എന്തൊരു ജനാധിപത്യ വിരുദ്ധ നടപടികളാണ്. സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണം. സുപ്രീം കോടതി വിധി ഉണ്ട്. നിരവധി കോടതികളിലെ വിധി ഉണ്ട്. സര്‍ക്കാരിനെ വമര്‍ശിച്ചതിന്റെ പേരില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ കേസുകള്‍ എടുക്കുന്നത് ശരിയായ സംവിധാനമല്ല. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കുപോലും ഇപ്പോള്‍ പല സ്ഥലത്തും ഭീഷണിയുണ്ട്. പല റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കേസ് എടുത്തു. പല സ്ഥാപനങ്ങള്‍ക്കെതിരായും കേസ് എടുത്തു. ഇത് എന്താ കേരളം വെള്ളരിക്കാ പട്ടണം ആണോ. ദേശീയ തലത്തില്‍ മാത്രം നടക്കുന്ന കുറെ കാര്യങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഏകാധിപതിയായ ഒരു ഭരണാധികാരി തനിക്ക് ഇഷ്ടമുള്ള വാര്‍ത്തകള്‍ മാത്രം വന്നാല്‍ മതി. തനിക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ വന്നാല്‍, തന്നെ വിമര്‍ശിച്ചാല്‍ അവരെ ജയിലിലിടും. അവരെ റെയ്ഡ് ചെയ്യും എന്ന് വരുത്തിതീര്‍ക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ ഈ നടപടികളില്‍നിന്ന് പിന്മാറണം. ഇല്ലെങ്കില്‍ നിയമപരമായി ഞങ്ങള്‍ കൂടി അതിനെ നേരിടാന്‍വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കും. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ ഒന്നും എം.വി. ഗോവിന്ദന്‍ അന്വേഷിക്കേണ്ട. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാതെ ബി.ജെ.പി.യില്‍ സീറ്റ് അന്വേഷിച്ചുപോയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേണ്ടുണ്ടായ എം.വി. ഗോവിന്ദന്റെ കാര്യത്തില്‍ നമ്മള്‍ എന്തിനാ മറുപടി പറയുന്നത്. പൊതു സ്ഥലത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പൊതു സ്ഥലത്ത് ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യേണ്ടത് പൊതു സ്ഥലത്ത് ചോദിച്ചാല്‍ മറുപടി പറയില്ല. ഇലക്ഷന്‍ പ്രഖ്യാപിച്ചത് 15 ാം തീയതി, പാലക്കാട്ടെയും ചേലക്കരയിലെയും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത് 17 ാം തീയതി. വൈകുന്നേരം ഏഴു മണി കഴിഞ്ഞ് കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരെയും നേരിട്ട് വിളിച്ച് അവരോട് പ്രചരണത്തിനു വരണമെന്നും അവരുടെ പ്രചരണത്തിന്റെ തീയതി തരണമെന്നും ഞാന്‍ ആണ് അഭ്യര്‍ഥിച്ചത്. മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു. അവര്‍ക്ക് മണ്ഡലം കണ്‍വെന്‍ഷന്റെ ഡേറ്റ് എല്ലാം വാട്ട്സ് ആപ്പില്‍ അയച്ചുകൊടുത്തും ഞാനാണ്. ഇത് പാർട്ടിയുടെ പൊതുവായ കാര്യമാണ് അപ്പോൾ എല്ലാവരും വരും. ഒറ്റ തന്തക്കുണ്ടായതെങ്കില്‍ പൂരം കലക്കലിൽ സി.ബി.ഐ. അന്വേഷിക്കാന്‍ പറ്റുമോ എന്ന് കേന്ദ്രമന്ത്രി വെല്ലുവിളിച്ചു. ഏതെങ്കിലും ഒരു സി.പി.എം. നേതാവ് നിങ്ങള്‍ ഈ ധിക്കാരം പറയരുത് എന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞോ. ഞങ്ങളാണ് പറഞ്ഞത്. കേന്ദ്രമന്ത്രി ധിക്കാരം പറയരുത്. ഈ ഭാഷ സിനിമയില്‍ മതി. പൊതുപ്രവര്‍ത്തനത്തില്‍ വേണ്ട എന്ന് ഞങ്ങളാണ് പറഞ്ഞത്. പിണറായി വിജയനെ സംരക്ഷിക്കാന്‍ ആ പാവം റിയാസ് മാത്രമേ ഉള്ളു. എന്നെപ്പറ്റി എന്തൊക്കെ പറഞ്ഞാലും ഞാന്‍ അദ്ദേഹത്തെ പറ്റി ഒന്നും പറയില്ല. എന്തൊക്കെ ത്യാഗം അനുഭവിച്ചിട്ടാണ് മാനേജ്മെന്റ് ക്വാട്ടയില്‍ അദ്ദേഹം ഈ മന്ത്രിസഭയില്‍ഇരിക്കുന്നത് – വി ഡി സതീശൻ പറഞ്ഞു