ഉടമകൾക്ക് ഭൂ വിവരം പരിശോധിക്കാൻ  ‘എന്റെ ഭൂമി’ പോർട്ടൽ

റവന്യു വകുപ്പിന്റെ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായ ഡിജിറ്റൽ റീസർവെയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം.

റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കാനാണ് പരിപാടി.


ഇതിനായി റവന്യു-തദ്ദേശ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അധികാരികളുടെ സംയുക്ത യോഗം ഓൺലൈനായി ചേർന്നു. റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവെ അതിരടയാള നിയമത്തിലെ  9(2) കരട് വിജ്ഞാപനം പരിശോധിച്ച് അതിൽ ഏതെങ്കിലും വിധത്തിൽ പരാതി ഉണ്ടെങ്കിൽ അത് എന്റെ ഭൂമി പോർട്ടൽ വഴി ഉന്നയിക്കാൻ അവസരമൊരുക്കുക എന്ന ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾ കൂടി ഏറ്റെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഡിജിറ്റൽ റീ സർവെ നടക്കാനുള്ള ഇടങ്ങളിൽ സർവെ സഭകൾ വിളിച്ചു ചേർത്ത് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരോടായി മന്ത്രി നിർദ്ദേശിച്ചു.

വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്താൽ ഡിജിറ്റൽ റീസർവെ വഴി തയ്യാറാക്കുന്ന ഭൂവിവരം കുറ്റമറ്റതാവുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ യൂണിറ്റുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് പുറമെ, യൂട്യൂബ് ചാനലും ഡിജിറ്റൽ സർവെയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു.
ഡിജിറ്റൽ സർവെ, വിജ്ഞാപനത്തിലെ തെറ്റ് തിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും മറ്റുമായി പഞ്ചായത്തുകളിൽ സർവെ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ സർവെ ആരംഭിച്ചത്. ഇതിൽ 185 വില്ലേജുകളും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സർവെ പൂർത്തിയായിക്കഴിഞ്ഞു.

സർവെ സഭകളിലും വാർഡ്തല സർവെ ജാഗ്രതാ സമിതികളിലും പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാകുന്നതോടെ പിശകുരഹിത ഭൂവിവര ശേഖരം കേരളത്തിന് സ്വന്തമാകുമെന്നും റവന്യു മന്ത്രി പറഞ്ഞു.

റവന്യു, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ കൂടിയായ സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ജില്ലാ കളക്ടർമാർ, റവന്യു, സർവെ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യു, സർവെ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ജൂലൈ 31നകവും രണ്ടാം ഘട്ടത്തിൽ സർവെ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ഓഗസ്റ്റ് 11നകവും അതത് ജില്ലാ കളക്ടർമാർ വിളിച്ചുചേർക്കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...