ഭാര്യക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ; പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്
ഭാര്യയുടെ സത്യവാങ്മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്.
ഭാര്യക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു.
ഭാര്യയുടെ സത്യവാങ്മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽവച്ച് ക്രൂരമായി മർദനമേറ്റു എന്നായിരുന്നു ആദ്യം പെൺകുട്ടി മൊഴി നൽകിയിരുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി മൊഴി മാറ്റിയത്.
രാഹുൽ മർദിച്ചിട്ടില്ലെന്നും തന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്നുമാണ് പെൺകുട്ടി പിന്നീട് വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെയാണ് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്.
പെൺകുട്ടി ആരോപണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ഹൈക്കോടതി രാഹുലിന്റെ ഹരജി അംഗീകരിക്കാനാണ് സാധ്യത.